Advertisement

കേരളം സമരച്ചൂടില്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ വലഞ്ഞ് കേരള സര്‍വ്വകലാശാല

6 hours ago
2 minutes Read
Government-Governor conflict and sfi protest explained

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനതകളില്ലാത്ത സമരകോലാഹലങ്ങള്‍ക്കാണ് സംസ്ഥാന സാക്ഷ്യംവഹിക്കുന്നത്. ആരോഗ്യവകുപ്പും കേരള സര്‍വകലാശാലയുമാണ് വിവാദങ്ങളില്‍ പെട്ട് നീറിപ്പുകയുന്നത്. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത്കോണ്‍ഗ്രസിന്റെ സമരം സംസ്ഥാനത്താകമാനം അക്രമാസക്തമായി മുന്നോട്ടുപോവുന്നതിന് ഇടയിലാണ് എസ് എഫ് ഐ കേരള സര്‍വകലാശാല വി സിക്കെതിരെ കടുത്ത പ്രക്ഷോഭ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. (Government-Governor conflict and sfi protest explained)

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് ആരോഗ്യവകുപ്പിനെതിര പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം. ആരോഗ്യമന്ത്രിക്കെതിരെ മന്ത്രിക്കെതിരേയും പ്രതിഷേധം കനത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തില്‍ അങ്ങോളമിങ്ങോളം കടുത്ത സമരമാണ് അരങ്ങേറുന്നത്. യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും യൂത്ത്ലീഗും തെരുവില്‍ ശക്തമായ പ്രതിഷേധവുമായുണ്ട്. ഇതോടൊപ്പം ബി ജെ പിയും സമരരംഗത്ത് സജീവമായതോടെ കേരളം സമരച്ചൂടില്‍ കത്തിയമരുകയാണ്.

Read Also: നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായി പ്രതിപക്ഷം ശക്തമായി മുന്നോട്ടുപോവുകയാണ്. കോട്ടയം സംഭവത്തിന്റെ പേരില്‍ മന്ത്രി രാജിവെക്കില്ലന്നു സി പി എം നേതൃത്വം വ്യക്തമാക്കിയതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യറാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിലപാട്. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സി പി എം വ്യക്തമാക്കിക്കഴിഞ്ഞു, എന്നാല്‍ ആരോഗ്യവകുപ്പിനെതിരെ തുടര്‍ച്ചയായി പരാതികള്‍ ഉയരുന്നതില്‍ ഇടത് നേതാക്കള്‍ അസ്വസ്ഥരാണ്. പാര്‍ട്ടിയില്‍ തന്നെ മന്ത്രിക്കെതിരെ അഭിപ്രായം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരം തിരിച്ചടിക്ക് വഴിവെക്കുമോ എന്ന ആശങ്കയും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഇതോടെയാണ് ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനും, കേരള സര്‍വകലാശാല വിഷയത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവാനും സി പി എം തീരുമാനിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലേയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ അപകടവും മരണവും. മന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് നാലാം ദിവസവും അരങ്ങേറിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫും, ബി ജെ പിയും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്താകമാനം കലാപകലുഷിതമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് സംജാതമായിരിക്കുന്നത്.

കേരള സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണവുമായാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും സി പി എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരള സര്‍വകലാശാല വി സി ഡോ. മോഹന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐ കടുത്ത ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ആര്‍ എസ് എസ് സഹയാത്രികനാണെന്നുള്ള ആരോപണങ്ങള്‍ക്ക് പുറമെ, ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള പോരാട്ടവും കനക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിക്കയാണ്. രജിസ്ട്രാര്‍ ഗവര്‍ണറെ അവഹേളിച്ചുവെന്നാരോപിച്ച് വി സി എടുത്ത നടപടി സിന്‍ഡിക്കേറ്റ് മരവിപ്പിച്ചതോടെ സര്‍വകലാശാലയില്‍ നിയമ പോരാട്ടത്തിനും വഴിയൊരുങ്ങി. വി സി സസ്‌പെന്‍ഡ്് ചെയ്ത രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തതും, വി സി നിയമിച്ച ജോ. രജിസ്ട്രാറെ സ്ഥാന ഭ്രഷ്ടയാക്കിയതും സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. രണ്ടുവര്‍ഷത്തിലേറെക്കാലമായി സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായ പോരാട്ടം സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ആരിഫ് മുഹമ്മദ്ഖാന്‍ കേരള ഗവര്‍ണറുടെ ചുമതലയില്‍ നിന്നും മാറുകയും പകരം രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണര്‍ പദവിയില്‍ എത്തുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ ആശ്വാസത്തിലായിരുന്നു. ആദ്യഘട്ടത്തില്‍ നല്ല ബന്ധത്തില്‍ പോയിരുന്ന രാജ്ഭവന്‍ പെട്ടെന്നാണ് നിലപാടുകള്‍ കടുപ്പിച്ചതും സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഭാരതാംബ വിഷയം വളരെ തന്ത്രപൂര്‍വം പുറത്തെടുത്ത ഒരു ആയുധം മാത്രമായിരുന്നു. ആര്‍എസ്എസ് ഒരുക്കിയ കെണിയില്‍ സംസ്ഥാന സര്‍ക്കാര്‍ അകപ്പെടുകയായിരുന്നു.

കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഭാരതാംബ വിഷയത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് പരിണാമം സംഭവിച്ച് സര്‍ക്കാര്‍-രാജ്ഭവന്‍ പോരാട്ടമായി മാറിയത്. ഗവര്‍ണറും രാജ്ഭവനും സംസ്ഥാനത്തെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തുതന്നെ ആരംഭിച്ചതാണ്. വി സി നിയമന വിവാദം, പിന്നീട് സിഡന്റിക്കേറ്റ് മെമ്പര്‍മാരുടെ നിയമനം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഗവര്‍ണറും സര്‍ക്കാരും, ഗവര്‍ണറും എസ് എഫ് ഐയും തമ്മില്‍ ഏറ്റുമുട്ടിയത്. ഒടുവില്‍ ഗവര്‍ണറെ തെരുവില്‍ തടയുന്നതുവരെ എത്തിയിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി യുടെ തുടര്‍ നിയമനത്തെച്ചൊല്ലി ഉണ്ടായ നിയമപോരാട്ടം, കാലിക്കറ്റ് സര്‍വകലാശാല വി സി നിയമനം, സാങ്കേതിക സര്‍വകലാശാല വി സി നിയമനം തുടങ്ങി നിരവധി വിവാദ വിഷയങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും നീക്കുന്നതുള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയതും സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ അനധികൃത ഇടപെടലുകളായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വി സിയായിരുന്ന ഡോ രവീന്ദ്രന്‍ ഗോപിനാഥന്‍ സ്ഥാനമൊഴിയേണ്ടിവന്നും, സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ബി ജെ പി അംഗങ്ങളെ കൊണ്ടുവരാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനവും തിരിച്ചടിയായി. സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചുവെന്നു കരുതിയിരുന്നിടത്തുനിന്നാണ് വീണ്ടും വിവാദങ്ങള്‍ കത്തിപ്പടരുന്നത്.

കേരള സര്‍വകലാശാല വി സിയായി ഡോ മോഹന്‍ കുന്നുമ്മലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വിവാദം എത്തി നില്‍ക്കുകയായാണ്. ആര്‍ എസ് എസ് സ്വയംസേവകന്റെ വേഷമണിയിച്ചുള്ള പടം കേരള സര്‍വകലാശാല ആസ്ഥാനത്ത് സ്ഥാപിച്ച സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വി സിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വി സിക്ക് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

എന്നാല്‍ മന്ത്രിയുടെ നിലപാടുകളെ പൂര്‍ണമായും തള്ളുകയാണ് വൈസ് ചാന്‍സിലര്‍. ഇതോടെ വി സി യും ഉന്നത വിദ്യാഭ്യാസ വകുപ്പും രണ്ടുതട്ടിലായി. വി സി രാജ്ഭവന്റെ നിര്‍ദേശങ്ങള്‍ മാത്രമാണ് പാലിക്കുന്നതെന്നാണ് സര്‍ക്കാര്‍ ആരോപണം. ചാന്‍സിലര്‍കൂടിയായ അനൈക്യത്തിന്റെ നാളുകളാണ് കേരള സര്‍വകലാശാലയില്‍ വീണ്ടും ഉടലെടുത്തിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റ് തീരുമാനത്തെ തുടര്‍ന്ന് ചുമതലകളിലേക്ക് തിരികെ പ്രവേശിച്ചിരുന്നു. ചാന്‍സിലറും വൈസ് ചാന്‍സിലറും ഒരു പക്ഷത്തും സിന്‍ഡിക്കേറ്റ് മറ്റൊരുപക്ഷത്തുമായതോടെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്. രജിസ്ട്രാറെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ ചാന്‍സിലര്‍ രംഗത്തുവന്നതോടെ അധികാരം സംബന്ധിച്ചുള്ള തര്‍ക്കം വരും ദിവസങ്ങളില്‍ രൂക്ഷമാവാനുള്ള സാധ്യതയും തെളിയുകയാണ്.

ആവശ്യമെങ്കില്‍ സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. സെനറ്റ് ഹാളില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല വിവാദങ്ങളിലേക്ക് വഴിമാറിയത്. ഗവര്‍ണര്‍ക്ക് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന നിയമോപദേശം തല്‍ക്കാലം സ്വീകരിക്കാനിടയില്ല. കാരണം അത്തരമൊരു നീക്കം ഉണ്ടായാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും. കേരള സര്‍വ്വകലാശാല രജിസ്ട്രാറെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചാല്‍ അത് സര്‍ക്കാര്‍-രാജ്ഭവന്‍ പോരാട്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും.

എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയില്‍ അതിശക്തമായ പ്രതിഷേധ സമരമാണ് ഇപ്പോള്‍ നടന്നത്. സര്‍വകലാശാലയെ കാവിവത്ക്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സി പി എം ശക്തമായ ചെറുത്തുനില്‍പ്പു നടത്തുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം വി ഗോവിന്ദന്‍ എസ് എഫ് ഐ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന അപൂര്‍വമായൊരു നീക്കവും ഇന്നുനടന്നു. സി പി എമ്മും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെയുളള പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നു എന്നതിന്റെ സൂചനകളായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

കേരള സര്‍വകലാശാലയിലെ കസേരകളിയിലും ഭാരതാംബ വിഷയത്തിലും നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സി പി എം. ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്താകമാനം സമരവേലിയേറ്റം നടക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തെ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കമാണ് സി പി എം ഏറ്റെടുത്തിരിക്കുന്നത്.

Story Highlights : Government-Governor conflict and sfi protest explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top