നാസയുടെ സൗരദൗത്യമായ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി

ഏറ്റവും വലിയ ഊർജ സ്രോതസ്സായ സൂര്യന്റെ ഉള്ളറകളിലെ രഹസ്യങ്ങൾ തേടിയുള്ള നാസയുടെ ആദ്യ സൗരപര്യവേക്ഷണ വാഹനമായ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി.
മനുഷ്യൻ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയണ് പാർക്കർ സോളാർ പ്രോബിന്റെ യാത്ര. സെക്കന്റിൽ 190 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഏഴ് വർഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരവാതങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നത് പ്രധാനമായും കൊറോണയാണ്. സൗരവാതങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പാർക്കർ നൽകുന്ന വിവരങ്ങൾ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here