Advertisement

സംസ്ഥാനത്ത് ക്യാമ്പില്‍ കഴിയുന്നവരാരൊക്കെ? ആശങ്കയില്‍ ബന്ധുക്കള്‍

August 22, 2018
Google News 0 minutes Read
exclusive

പ്രളയത്തില്‍പ്പെട്ട് സംസ്ഥാനത്ത് കാണാതായവരാരൊക്കെയെന്ന് ചോദിച്ചാല്‍ ആര് ഉത്തരം തരും? നിലവില്‍ ഇപ്പോള്‍ ഉത്തരം തരാന്‍ ആരുമില്ലെന്നതാണ് സത്യം.  കിടപ്പാടം നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരുടെ പേരുവിവരങ്ങള്‍ കിട്ടാനുള്ള കൃത്യമായ ഒരു സംവിധാനം ഈ നിമിഷം വരെ ഇല്ല!ഓരോ ക്യാമ്പിലേയും ആകെ ഉള്ളവരുടെ എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. കളക്ട്രേറ്റില്‍ വിളിച്ചാലും പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിളിച്ചാലും ക്യാമ്പുകളുടെ എണ്ണവും ആളുകളുടെ എണ്ണവും കൃത്യമായി പറഞ്ഞ് തരും. എന്നാല്‍ പേര് അടക്കമുള്ള വിശദാംശങ്ങളുമായി ചോദിച്ചാല്‍ അവരും കൈമലര്‍ത്തും.


കളക്ട്രേറ്റുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഭരണ സംവിധാനങ്ങളുണ്ട്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ മുതല്‍ കളക്ടര്‍ വരെയുള്ള റവന്യൂ സംവിധാനമാണ് കണക്കെടുപ്പ് കൃത്യമായി നടത്തേണ്ടിയിരുന്നത്. എന്നാല്‍ കളക്ടര്‍മാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ റവന്യൂ വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നതായാണ് പരാതി. കളക്ടറുമായി ബന്ധപ്പെട്ട് നൂറോളം സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്കൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സമാന്തരമായി ക്യാമ്പുകളില്‍ വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഒരുക്കാമായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരേയും ഇതിനായി ഉപയോഗപ്പെടുത്താമായിരുന്നു.


പലരുടേയും ഫോണടക്കമുള്ളവ പ്രളയത്തില്‍ നഷ്ടപ്പെട്ടു. വിദേശത്ത് അടക്കം കഴിയുന്ന ബന്ധുക്കളില്‍ പലര്‍ക്കും ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ലെന്നാണ് സത്യം. ഏതെങ്കിലും ക്യാമ്പില്‍ സുരക്ഷിതരായിരിക്കും എന്ന ധൈര്യത്തിലാണ് പലരും. വല്ലാത്ത ഉള്‍ഭയത്തോടുകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്ന മരണവാര്‍ത്തകള്‍ ദൂരെയുള്ള ബന്ധുക്കള്‍ വായിക്കുന്നത് പോലും.

ക്യാമ്പിലുള്ളവരുടെ പേര്, വീടുകളിലേക്ക് മടങ്ങിപ്പോയവരുടെ തിരിച്ച് പോയവരുടെ പേര് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ഒരു സര്‍ക്കാര്‍ വകുപ്പും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.  റവന്യൂ അധികൃതരാണ് അതത് വില്ലേജിലെ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ വിവരങ്ങള്‍ എത്തിക്കേണ്ടതെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ പറയുന്നത്. വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരാണ് നല്‍കേണ്ടതെന്ന് റവന്യൂ അധികൃതരും. നിലവില്‍ ഇപ്പോള്‍ ഒരു കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. അതിന് പിന്നിലും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ. ഇന്ന് മന്ത്രി തോമസ് ഐസകിന്റെ ഇന്നത്തെ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ജില്ലകളില്‍ ഇതിനായുള്ള നീക്കം തുടങ്ങിയത്. ചില ജില്ലകളില്‍ ഇത് തുടങ്ങിയിട്ട് പോലും ഇല്ല. ആലപ്പുഴ ജില്ലയില്‍ നൂറോളം സന്നദ്ധ പ്രവര്‍ത്തകരാണ് ക്യാമ്പുകള്‍ തോറും കയറി ഇറങ്ങി ആളുകളുടെ പേരുവിവരങ്ങള്‍ അടങ്ങുന്ന  വിവരങ്ങള്‍ ശേഖരിക്കുന്നത്.


700ക്യാമ്പുകളാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ മാത്രം ഉള്ളത്. അവിടെ 81,667കുടുംബങ്ങളില്‍ നിന്നായി 301719പേരും ക്യാമ്പുകളില്‍ കഴിയുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്നാണ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിക്കുന്നത്. കുറച്ച് പേര്‍ തുനിഞ്ഞ് ഇറങ്ങിയപ്പോള്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് ഇത് പൂര്‍ത്തിയാക്കാനായെന്ന കാര്യം ശ്രദ്ധിക്കണം. ഒമ്പത് മണിക്കൂര്‍ മുമ്പാണ് ഇത് സംബന്ധിച്ച കുറിപ്പ് മന്ത്രി തോമസ് ഐസക് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേരുടെ പേരുവിവരങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഏകദേശം പൂര്‍ത്തിയായി. പത്തനംതിട്ട ജില്ലയില്‍ തഹസില്‍ദാര്‍ വഴി ആളുകളുട പേരുവിവരങ്ങള്‍ ലഭിച്ചെങ്കിലും അത് ഇതുവരെ എവിടെയും പബ്ലിഷ് ചെയ്തിട്ടില്ല.
ഇടുക്കിയിലും ഇത് തന്നെ അവസ്ഥ കണക്കുകള്‍ എണ്ണത്തില്‍ മാത്രം ഒതുങ്ങുന്നു. 166ക്യാമ്പുകളാണ് ഇടുക്കിയിലുള്ളത്. 30561 പേര്‍ ഈ ക്യാമ്പുകളില്‍ ഉണ്ട്. ഇവിടെ ഏഴുപേരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ പേരുവിവരം പോലും തരാന്‍ ഭരണകൂടത്തിനായില്ല.


എറണാകുളത്തും, തൃശ്ശൂരും, പാലക്കാടുമെല്ലാം അവസ്ഥ ഇത് തന്നെ. താലൂക്ക് തലത്തിലെ എണ്ണം തരാന്‍ തയ്യാറാണ് എല്ലാവരും. ഒന്നു കൂടി തെളിച്ച് സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടെ എണ്ണവും തരും. എന്നാലും പേരുവിവരങ്ങള്‍ ഇപ്പോഴും ഒരു കണക്കിലും ഔദ്യോഗികമായി ഉള്‍പ്പെട്ടിട്ടില്ല. പ്രളയ ഭീതി ഒഴിയുന്നതോടെ പലരും പല ക്യാമ്പ് വിട്ട് ഒരു പുതിയ ജീവിതം കെട്ടിപ്പെടുക്കാന്‍ അവരവരുടെ വീട്ടിലേക്ക് പോകുകയാണ്. ഒഴിഞ്ഞ് പോകുന്നവരുടെ പേരുവിവരങ്ങളും അധികൃതരുടെ കൈവശം ഇല്ല.  ക്യാമ്പുകളില്‍ വൈകിയ വേളയില്‍ എടുക്കുന്ന കണക്കെടുപ്പില്‍ ഇവര്‍ ഉള്‍പ്പെടുകയും ഇല്ല. ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാത്ത മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരെ ബന്ധുക്കള്‍ക്ക് ഇപ്പോഴും ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള ഭീതിയില്‍ കഴിയുന്ന ഒരു സമൂഹത്തിലേക്ക് അപൂര്‍ണ്ണമായ ഈ ലിസ്റ്റ് പുറത്ത് വിട്ടാല്‍ അത് വലിയ ആശയകുഴപ്പം സൃഷ്ടിയ്ക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here