റിപ്പബ്ലിക് ടിവിക്ക് പൊങ്കാലയിട്ട മലയാളികള്‍ എന്‍ഡിടിവിയെ നെഞ്ചിലേറ്റി; കേരളത്തിന് പത്ത് കോടിയുടെ ധനസഹായം

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ കരുതല്‍. മനുഷ്യത്വപരമായ സമീപനത്തിലൂടെ കേരളത്തിനായി എന്‍ഡിടിവി മാറ്റിവച്ചത് ചനലിന്റെ വിലപിടിപ്പുള്ള ആറര മണിക്കൂര്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം മലയാളികള്‍ക്ക് എന്‍ഡിടിവിയെ നെഞ്ചിലേറ്റാന്‍. തങ്ങളുടെ സമൂഹത്തോട് എന്‍ഡിടിവി കാണിച്ച കരുതലിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് മലയാളികള്‍. മലയാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എന്‍ഡിടിവിയുടെ മാതൃകാപരമായ സമീപനം.
റിപ്പബ്ലിക് ടിവിക്കും, ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കും പൊങ്കാല ഇടുന്ന തിരക്കിലായിരുന്നു മലയാളികള്‍ എങ്കില്‍ ഇന്നലെ വൈകിട്ടോടെ ആ സ്ഥിതി മാറി. മറ്റൊരു ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നിറഞ്ഞ മനസോടെ നന്ദി പറയാനുള്ള തിരക്കിലാണ് മലയാളികള്‍ ഇപ്പോള്‍. കേരളത്തിലുള്ളവരെ ‘നാണമില്ലാത്തവര്‍’ എന്ന് വിളിച്ച് അപമാനിക്കാനാണ് അര്‍ണബ് ശ്രമിച്ചതെങ്കില്‍ എന്‍ഡിടിവി കേരളത്തെ കൈപിടിച്ച് ഉയര്‍ത്തി ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ മാതൃക ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.
കേരളത്തിന്റെ അതീജീവനത്തിനായി ആറര മണിക്കൂര്‍ കൊണ്ട് ചാനല്‍ സ്വരൂപിച്ചത് 10 കോടി രൂപയാണ്. ‘കേരളത്തിനൊപ്പം’ എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടാണ് എന്‍ഡിടിവി “ഇന്ത്യ ഫോര്‍ കേരള” എന്ന ലൈവ് ഷോ മുംബൈയില്‍ സംഘടിപ്പിച്ചത്. സന്നദ്ധ സംഘടനയായ ‘പ്ലാന്‍ ഇന്ത്യ’യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി ആളുകള്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സാധിക്കാവുന്ന സഹായങ്ങള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലൈവ് ഷോയില്‍ എത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, റസൂല്‍ പൂക്കുട്ടി, ചലചിത്ര താരങ്ങളായ അഭിഷേക് ബച്ചന്‍, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും ഷോയുടെ ഭാഗമായി. ഗായകന്‍ ഹരിഹരന്റെ ഫ്യൂഷന്‍ സംഗീതവും ഉസ്താദ് അജ്മദ് അലി ഖാനും മക്കളും ചേര്‍ന്നൊരുക്കിയ കലാവിരുന്നും ഷോയുടെ ഭാഗമായി അരങ്ങേറി. സംഭാവനയായി ലഭിച്ച തുക കേരളത്തില്‍ പ്രളയ ദുരിതത്തെ അതീജീവിക്കാന്‍ ഒരുങ്ങുന്ന ഗ്രാമങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് എന്‍ഡിടിവി വ്യക്തമാക്കി. പ്രതിസന്ധികള്‍ക്കിടയിലും പുനര്‍ നിര്‍മാണത്തിനായി ഒറ്റക്കെട്ടായി ഒരുങ്ങുന്ന കേരളത്തെ സഹായിക്കാനുള്ള എന്‍ഡിടിവിയുടെ ശ്രമത്തെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചും നന്ദി അറിയിച്ചു നിരവധി മലയാളികളാണ് ഇപ്പോള്‍ രംഗത്ത് എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here