Advertisement

‘വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂവെന്നാണോ?’ ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടി

August 28, 2018
1 minute Read

എല്ലാത്തിനെയും വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി കേരളം നേരിടുകയായിരുന്നു. ആദ്യമൊക്കെ നല്ല നിലപാടായിരുന്നു പ്രതിപക്ഷ നേതാവിനുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയാണ്. വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂ എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകാം എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഖി ഫണ്ട് ദുരുപയോഗം ചെയ്തു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞു.

ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്.ഡി.ആര്‍.എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top