അണക്കെട്ട് തുറന്നതല്ല പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

ഡാമുകള്‍ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടി. അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ തന്നെയാണ് കേരളത്തെ പ്രളയത്തിലാഴ്ത്തിയതെന്ന് കേന്ദ്ര ജല കമ്മീഷന്റെ കരട് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ പഠനങ്ങളുമായി കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും.
കേരളത്തിലെ ഭൂരിഭാഗം അണക്കെട്ടുകളും ഒരുമിച്ച് തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന് കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം മേധാവി സുഭാഷ് ചന്ദ്ര. അതിശക്തമായ മഴയാണ് പ്രളയമുണ്ടാക്കിയത്. അപ്രതീക്ഷിതമായാണ് ഇത്രയും വലിയ മഴ കേരളത്തില്‍ പെയ്തത്. ഭൂപ്രകൃതിയും പ്രളയത്തിന് കാരണമായിട്ടുണ്ട്. കയ്യേറ്റങ്ങളും ആസൂത്രണം ഇല്ലാത്ത വികസനവും തിരിച്ചടിയായെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം കഴമ്പില്ലാത്തതാണെന്ന് ശരത് ചന്ദ്ര വ്യക്തമാക്കി. കേരളം നേരിട്ടത് നിയന്ത്രണാതീതമായ ദുരന്തസാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പറയുന്നത് ശരിയല്ല. നേരത്തെ തന്നെ ഡാമുകള്‍ തുറന്നുവിട്ടെങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കൈയേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണ് ദുരന്തത്തിലേക്ക് നയിച്ചത്. അണക്കെട്ടുകള്‍ അതിവേഗം നിറഞ്ഞു. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും കേന്ദ്ര ജല കമ്മീഷന്റെ കരട് രേഖയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here