ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 245 റണ്‍സ്; ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 245 റണ്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍, രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ 22 റണ്‍സിനിടെ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കൊപ്പം ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.
ഒന്നാം ഇന്നിംഗ്‌സില്‍ 27 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 271 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോസ് ബട്‌ലര്‍ (69) ജോ റൂട്ട് (68) സാം കറാന്‍ (46) എന്നിവരാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സാണ് നേടിയത്. ഇന്ത്യയാകട്ടെ 27 റണ്‍സ് ലീഡില്‍ 273 റണ്‍സ് സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here