Advertisement

അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് മഹാരാഷ്ട്രാ പോലീസ് സുപ്രീം കോടതിയില്‍

September 5, 2018
Google News 1 minute Read
varavarravu

അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്രാ പോലീസ് സുപ്രീം കോടതിയില്‍. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും മഹാരാഷ്ട്രാ പോലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് പൗരസ്വാതന്ത്ര്യത്തിനു മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ചരിത്രകാരനായ റോമില ഥാപ്പര്‍ ഉള്‍പ്പെടെ നാല് പേര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് പോലീസ് ഇക്കാര്യം വിശദീകരിച്ചത്.

സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തക അരുണ്‍ ഫെരേര, ഗൗതം നവ്‌ലഘ, വെനോണ്‍ ഗോണ്‍സാല്‍വോസ് എന്നിവരെയാണ് ഓഗസ്റ്റ് 28 ന് പൂനെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള മാവോയിസ്റ്റ് ഗൂഢാലോചനയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ വാദം.

എന്നാല്‍, ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും സുപ്രീം കോടതി വിധിച്ചു. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണെന്നായിരുന്നു അന്ന് സുപ്രീം കോടതി പറഞ്ഞത്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുമ്പോഴും ഇവര്‍ക്കെതിരെ ശക്തമായ തെളിവ് നിരത്താന്‍ മഹാരാഷ്ട്രാ പോലീസിന് സാധിക്കുന്നില്ല.

കഴിഞ്ഞ ജനുവരി ഒന്നിനു മഹാരാഷ്ട്രയിലെ ഭീമാ – കൊരേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ നിന്ന് ഈ അഞ്ച് പേര്‍ക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചെന്ന് പോലീസ് പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here