ദുരിതാശ്വാസ നിധിയിലേക്ക് സ്കൂളുകളില്‍ ബുധനാഴ്ച വരെ സംഭാവന ശേഖരിക്കാം; ക്യാമ്പസുകളില്‍ നിന്നുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി

പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ധനസമാഹരണം ബുധനാഴ്ച വരെ നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് അറിയിച്ചു. ചൊവ്വാഴ്ച (ഇന്ന്) പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് സ്കൂളുകളിലെ അസംബ്ലിയില്‍ വായിച്ചു. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തിനകം സര്‍ക്കാര്‍, എയിഡഡ്, അണ് എയിഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിവധ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത യുവാക്കളെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ക്യാമ്പസുകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി നവകേരളത്തിനായി ഒരിക്കല്‍ കൂടി അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here