‘പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാന്‍ സാധിക്കും’; ഗഡ്കരിയുടെ സ്വപ്‌നങ്ങള്‍

ഇന്ധനവില അതിവേഗത്തില്‍ കുതിക്കുമ്പോഴാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ സ്വപ്നം. പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുന്ന പുതിയ നിര്‍ദേശവുമായാണ് കേന്ദ്ര ഗതാഗതമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ജൈവ ഇന്ധനം ഉപയോഗിച്ചാല്‍ രാജ്യത്ത് പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാന്‍ സാധിക്കുമെന്ന് ഗഡ്കരി പറയുന്നു. ഛത്തീസ്ഗഢിലെ പൊതുപരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെമ്പാടും ജൈവ ഫാക്ടറികളിലൂടെ ഇന്ധനം ഉണ്ടാക്കാന്‍ സാധിച്ചാല്‍ സ്വയം പര്യാപ്തതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു.
എഥനോൾ, മെഥനോൾ, ജൈവ ഇന്ധനം, സി.എൻ.ജി എന്നിവയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ രാജ്യത്തിന് സാധിക്കണം. അങ്ങനെവന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിക്ക് അവസാനമുണ്ടാക്കാം.
അഞ്ച് എഥനോൾ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് പെട്രോളിയം മന്ത്രാലയമെന്നും ഗഡ്കരി വ്യക്തമാക്കി. ഈ ഫാക്ടറികളില്‍ നെല്ല്, ഗോതമ്പ്,കരിമ്പ്, മുനിസിപ്പൽ മാലിന്യങ്ങൾ എന്നിവയിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കും. അതിന് ശേഷം ഡീസൽ പെട്രോള്‍ ലിറ്ററിന് 55 രൂപയും ലിറ്ററിന് 50 രൂപയും ആകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here