‘അതിജീവനത്തിന്റെ തുന്നിക്കൂട്ടലുകള്‍’; ‘ചേക്കുട്ടി’ നല്ല ഒന്നാന്തരം കുട്ടിയാണ്

പ്രളയാനന്തര കേരളത്തിന് കൈതാങ്ങാകുകയാണ് വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഓരോരുത്തരും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 13 കോടിയോളം രൂപയാണ്. അഭൂതപൂര്‍വ്വമായ ഒത്തൊരുമയുടെ നാളുകളിലാണ് ദൈവത്തിന്റെ സ്വന്തം നാട്. അതെ, നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. കൂടുതല്‍ ശക്തരായി നമ്മള്‍ മുന്നേറും. കാരണം, വീഴ്ചയില്‍ തകര്‍ന്നിരിക്കുന്നവരല്ല, കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെ പുതുവഴികള്‍ രചിക്കുന്നവരാണ് മലയാളികള്‍. അതിന് ഉത്തമ ഉദാഹരണമാണ് ‘ചേക്കുട്ടി പാവകള്‍’. ഈ കുട്ടി ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്. ഇതൊരു ഒന്നൊന്നര കുട്ടിയാണെന്നാണ് ചേക്കുട്ടിയുടെ സൃഷ്ടാക്കള്‍ പറയുന്നത്.
കൊച്ചിയിലെ ചേന്ദമംഗലം കൈത്തറി ഗ്രാമത്തില്‍ എട്ടടിയോളം പ്രളയജലം കയറിയിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റിനെ പ്രളയം വിഴുങ്ങിയെന്ന് തന്നെ പറയാം.
പ്രളയത്തില്‍ ഉപയോഗശൂന്യമായ തുണിത്തരങ്ങള്‍ ചേന്ദമംഗലത്തിന്റെ ഹൃദയം തകര്‍ത്തു. എന്നാല്‍, കൈത്തറി യൂണിറ്റിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇതേ തുണിത്തരങ്ങള്‍ തന്നെ കാരണമാകുകയാണ്. അതാണ് ‘ചേക്കുട്ടി; ചേറിനെ അതിജീവിച്ച ഒരു കലക്കന്‍ കുട്ടി’.
കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കിയാണ് കൊച്ചിയിലെ സൗഹൃദകൂട്ടായ്മ പാവക്കുട്ടികളെ ഒരുക്കുന്നത്. പാവക്കുട്ടികളെ വിറ്റുകിട്ടുന്ന പണം ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗിക്കും. കൊച്ചിയില്‍ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നിവരാണ് ഈ ആശയത്തിന്റെ വക്താക്കള്‍.
25 രൂപയാണ് ഒരു ചേക്കുട്ടിപ്പാവയുടെ വില. 1500 രൂപ വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകളെയാണ് ഉണ്ടാക്കാൻ പറ്റുന്നത്. എന്നുവെച്ചാൽ 9000 രൂപ ഒരു സാരിയിൽ നിന്ന് സമ്പാദിക്കാനാകുന്നു. ഈ തുക, പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനർജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങൾ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു. ഇങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം മഹത്തരമാകുന്നത്.
വിവിധ ജില്ലകളില്‍ വോളന്റീര്‍മാരെ അണിനിരത്തി ചേക്കുട്ടി പാവകളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറയിലുള്ളവര്‍. പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളെ മറികടക്കണമെങ്കില്‍ ചേന്ദമംഗലം കൈത്തറി യൂണിറ്റിന് നമ്മുടെ പ്രോത്സാഹനം ആവശ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here