‘മുത്തശ്ശി, പൂജ നടത്താനുള്ള മൂന്ന് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കാനോ ഉപയോഗിക്കൂ’; വീഡിയോ വൈറല്‍

ലക്ഷങ്ങള്‍ ചെലവഴിച്ച് പൂജ നടത്തുന്നതല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കുകയാണ് ഏറ്റവും വലിയ പുണ്യം. മന്ത്രവാദമെന്നും പൂജയെന്നും പറഞ്ഞ് നെട്ടോട്ടമോടുന്നവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം. അതിനെല്ലാം ഉപയോഗിക്കുന്ന പണം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചാല്‍ എത്രയോ പുണ്യം ലഭിക്കുമെന്ന് പറയുന്നത് മറ്റാരുമല്ല, പ്രമുഖ ജ്യോതിഷി ഹരി പത്തനാപുരമാണ്.
സൂര്യ ടിവിയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ‘ശുഭാരംഭം’ എന്ന പരിപാടിയിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മുത്തശ്ശി പരിപാടിയിലേക്ക് അയച്ച കത്തിന് ഹരി പത്തനാപുരം മറുപടി നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തറവാട്ടിലെ പിതൃക്കള്‍ അലഞ്ഞു നടക്കുന്നതിനാല്‍ ചെറുമകന്റെ വിവാഹത്തിന് വലിയ തടസം നേരിടുമെന്നും ശത്രുദോഷത്തിന് പരിഹാരമായി മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് പൂജ നടത്തണമെന്നും ഒരു തിരുമേനി തന്നോട് പറഞ്ഞതായി മുത്തശ്ശി കത്തിലൂടെ അറിയിച്ചു. ഈ മൂന്ന് ലക്ഷം രൂപ താങ്കളുടെ കയ്യില്‍ നല്‍കി പൂജ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും മുത്തശ്ശി ഹരി പത്തനാപുരത്തെ കത്തിലൂടെ അറിയിച്ചു. ഇതിന് ഹരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
ഇത്രയും തുക ചെലവഴിച്ച് പൂജ നടത്താതെ അത് വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാനായോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കാമെന്നായിരുന്നു ഹരിയുടെ ഉപദേശം. മറ്റുള്ളവരെ സഹായിക്കുകയാണ് ഏറ്റവും വലിയ പരിഹാരമെന്നും അതാണ് യത്ഥാര്‍ഥ പുണ്യമെന്ന് ജ്യോതിഷത്തില്‍ അടക്കം പറയുന്നുണ്ടെന്നും ഹരി മുത്തശ്ശിക്ക് മറുപടി നല്‍കി. കോടിക്കണക്കിന് വിഷ്ണു ക്ഷേത്രം പ്രതിഷ്ഠിച്ച് നല്‍കുന്നതിനേക്കാള്‍, കോടിക്കണക്കിന് ശിവ ക്ഷേത്രം പ്രതിഷ്ഠിച്ച് നല്‍കുന്നതിനേക്കാള്‍ വലിയ പുണ്യമാണ് മറ്റുള്ളവര്‍ക്ക് ധാനധര്‍മ്മം ചെയ്യുന്നതും അന്നദാനം നടത്തുന്നതുമെന്ന് ഹരി പത്തനാപുരം മറുപടി നല്‍കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here