ഞാനൊരു സൈക്കിള്‍ വാങ്ങി തന്നാലോ? ‘വേണ്ട, ആ പൈസയും മുഖ്യമന്ത്രിക്ക് കൊടുത്താല്‍ മതി!!’; ഈ നൂറ്റാണ്ടിലൊന്നും നന്ദി പറഞ്ഞ് തീര്‍ക്കാനാവില്ല ഇവരുടെ കുഞ്ഞുഹൃദയങ്ങളോട്…

ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിനാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍, അതിനെയെല്ലാം നാട് തരണം ചെയ്ത് മുന്നേറുന്നത് ഓരോ വ്യക്തികളിലൂടെയുമാണ്. ഓരോരുത്തരും തങ്ങളാല്‍ ആവുംവിധം രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായപ്പോള്‍ നാടിന്റെ ഒത്തൊരുമയും കൂട്ടായ്മയും വാനോളം പ്രഘോഷിക്കപ്പെട്ടു. ഇതിനിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നമ്മുടെ കുട്ടികളുടെ മനോഭാവമാണ്. ‘ഞങ്ങള്‍ കുട്ടികളല്ലേ’ എന്ന് കരുതി അവര്‍ മാറിനിന്നില്ല. തങ്ങളാല്‍ ആവുവിധം നാടിന് വേണ്ടി അവര്‍ കരുതലിന്റെ കരമുയര്‍ത്തി. അതിനാലാണ് പ്രളയദിനങ്ങളില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ കുട്ടികളുടെ മനോഭാവത്തെ പ്രത്യേകം എടുത്തുപറഞ്ഞതും അതിനെ ശ്ലാഘിച്ചതും.
തങ്ങളുടെ കൊച്ചു കൊച്ചു ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വച്ച നാണയത്തുട്ടുകള്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ കുട്ടികളെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാം ധാരാളം കേള്‍ക്കുന്നുണ്ട്. അവരുടെ കൂട്ടത്തിലേക്ക് ഇനി രണ്ടാം ക്ലാസുകാരനായ മുഹമ്മദ് റിയാനും.
പാലക്കാട് ജില്ലയിലെ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉമ്മറിന്റെയും ജുവൈദിയയുടെയും മകനാണ് രണ്ടാം ക്ലാസുകാരനായ റിയാന്‍. പേരടിയൂര്‍ സ്കൂളിലാണ് റിയാന്‍ പഠിക്കുന്നത്. വീട്ടില്‍ ഒരു ചെറിയ കാശുകുടുക്കയുണ്ട് പുള്ളിക്കാരന്. കയ്യില്‍ കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കുടുക്കയില്‍ നിക്ഷേപിച്ച് മുഹമ്മദ് റിയാന്‍ കാത്തിരിക്കുകയായിരുന്നു ഒരു പുത്തന്‍ സൈക്കിള്‍ വാങ്ങിക്കാന്‍. അപ്പോഴാണ് നാടിനെ മുഴുവന്‍ നടുക്കിയ പ്രളയമെത്തുന്നത്. പുതിയ കേരളത്തെ നിര്‍മ്മിക്കാന്‍ എല്ലാവരും തങ്ങളാല്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥന നാലുചുറ്റിലും നിന്ന് കേട്ടപ്പോള്‍ റിയാനും ഒരു ആഗ്രഹം പുതിയ കേരളത്തിന് വേണ്ടി എന്തെങ്കിലും നല്‍കണമെന്ന്.
ഒടുവില്‍ സൈക്കിള്‍ വാങ്ങാനായി സ്വരുകൂട്ടി വച്ച കുടുക്കയുമെടുത്ത് റിയാന്‍ പഞ്ചായത്ത് പ്രസിഡന്റായ മുരളി കെ. വിളയൂരിന്റെ അടുത്തെത്തി. ക്ലാസ് അധ്യാപകന് മനോജിനൊപ്പമാണ് റിയാന്‍ അവിടെ എത്തിയത്. കയ്യിലുള്ള നിക്ഷേപ പാത്രം പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിലേക്ക് നീട്ടിയിട്ട് റിയാന്‍ പറഞ്ഞു; ഇത് മുഖ്യമന്ത്രിക്ക് നല്‍കണമെന്ന്. വീട്ടുകാരോട് ചോദിച്ചാണോ ഇത് ചെയ്യുന്നതെന്ന് പ്രസിഡന്റ് ചോദിച്ചപ്പോള്‍ ‘അതെ’ എന്നായിരുന്നു റിയാന്റെ മറുപടി. ‘ബാപ്പ എപ്പോഴെങ്കിലും തരുന്ന പൈസയൊക്കെ നിക്ഷേപിച്ച് വച്ചിരുന്ന പാത്രമാണ്, സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച് വച്ചതായിരുന്നു’ എന്ന് റിയാന്‍ പറഞ്ഞപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ചോദ്യമെത്തി ‘നിനക്ക് ഞാനൊരു സൈക്കിള്‍ വാങ്ങി തന്നാലോ?’ എന്നാല്‍, എല്ലാവരെയും ആശ്ചര്യപ്പെടുത്തി റിയാന്റെ ഉത്തരമെത്തി ‘വേണ്ട ആ പൈസയും മുഖ്യമന്ത്രിക്ക് കൊടുത്താല്‍ മതി!!’ ഉടനെ തന്നെ റിയാന്റെ അധ്യാപകനും പഞ്ചായത്ത് പ്രസിഡന്റും റിയാന്റെ കുഞ്ഞുമനസ്സിന് ഒരു ബിഗ് സല്യൂട്ട് നല്കി.
പഞ്ചായത്ത് പ്രസിഡന്റ് മുരളി വിളയൂര്‍ തന്നെയാണ് റിയാന്റെ നല്ല മനസ്സിനെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
ഉമ്മര്‍ – ജുവൈദിയ ദമ്പതികളുടെ മൂത്ത മകനാണ് റിയാന്‍. ടിപ്പര്‍ ഡ്രൈവറായ ബാപ്പയും വീട്ടമ്മയായ ഉമ്മയും റിയാന്റെ നല്ല മനസ്സിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. പേരടിയൂര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിയാന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here