അഫ്ഗാനിസ്ഥാനോടും തോല്‍വി; ഏഷ്യാ കപ്പില്‍ നിന്ന് ശ്രീലങ്ക പുറത്ത്

ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക എഷ്യാ കപ്പില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത് 91 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്‌സ് 158 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. 36 റണ്‍സ് നേടിയ ഉപുല്‍ തരംഗയും 28 റണ്‍സ് നേടിയ തിസാരെ പെരേരയും മാത്രമാണ് ലങ്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്. മുജീബ് റഹ്മാന്‍, ഗുല്‍ബാദിന്‍ നായിബ്, മൊഹമ്മദ് നായിബ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍, തിസാരെ പെരേരയുടെ അഞ്ച് വിക്കറ്റ് പ്രകടനം അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സ് 249 ല്‍ പിടിച്ചുനിര്‍ത്തി. അല്ലായിരുന്നെങ്കില്‍ ശ്രീലങ്കയുടെ പരാജയത്തിന്റെ ആഘാതം ഇരട്ടിയായേനെ. റഹ്മത്ത് ഷാ 90 പന്തില്‍ നിന്ന് 72 റണ്‍സ് നേടി അഫ്ഗാന്റെ ടോപ് സ്‌കോററായി. ഇഹ്‌സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്‌സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here