‘ഇന്നാണ് പോര്!’; ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വൈകീട്ട് അഞ്ചിന്

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ഇരു ടീമുകളും ദുബായ് രാജ്യാന്ത ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പോരടിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ചിരവൈരികളായ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 180 റണ്‍സിന് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം ചൂടുകയായിരുന്നു.
ഹോങ്കോംഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏറെ വിയര്‍ത്താണ് ഇന്ത്യ വിജയം നേടിയത്. അതിനാല്‍ തന്നെ, കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും ഇന്ത്യ പാകിസ്ഥാനെ നേരിടാന്‍ കളത്തിലിറങ്ങുക.
ഏഷ്യാ കപ്പില്‍ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ആറു തവണ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ച് തവണയാണ് വിജയം പാകിസ്ഥാനൊപ്പം നിന്നത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യമനുസരിച്ച് ഇരു ടീമുകളും കരുത്തന്‍മാരാണ്. അതിനാല്‍ തന്നെ മത്സരം കൊഴുക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ക്കും അറിയാം.
മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റുകഴിഞ്ഞു. കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത് പാകിസ്ഥാന്‍ ആരാധകരാണ്. വൈകീട്ട് അഞ്ച് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here