കർവ് ഇവിയും ടിയാഗോ ഇവിയും; രാഷ്‌ട്രപതി ഭവനിലെ യാത്രകൾക്ക് ഇനി ഇലക്ട്രിക് കാറുകൾ

രാഷ്‌ട്രപതി ഭവനിലെ യാത്രകൾക്ക് ഇനി ഇലക്ട്രിക് കാറുകൾ. ടാറ്റ കർവ് ഇവിയും ടിയാഗോ ഇവിയുമാണ് രാഷ്ട്രപതി ഭവനിലെത്തിയത്. എട്ട് കാറുകളാണ് പുതിയതായി വാങ്ങിയത്. ഫോസിൽ ഫ്യൂവൽ വാഹനങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ തുടർച്ചയായാണ് രാഷ്ട്രപതി ഭവനും ഇവി വാങ്ങിയത്. കൂപ്പെ എസ്‌യുവി മോഡലായ കർവിന്റെ നാല് യൂണിറ്റും ഹാച്ച്ഹാക്ക് മോഡലായ ടിയാഗോയുടെ നാല് യൂണിറ്റുമാണ് രാഷ്ട്രപതി ഭവനിൽ എത്തിയത്.
പുതിയ വാഹനങ്ങൾ രാഷ്‌ട്രപതി ഭവനിൽ എത്തിച്ചതിനു ശേഷമുള്ള ചിത്രങ്ങൾ ടാറ്റ മോട്ടോർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കർവിന്റെ ഡാർക്ക് എഡിഷൻ മോഡലാണ് രാഷ്ട്രപതി ഭവന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കർവ് ഇവി അഞ്ചു മോഡലുകളിലായി വിപണിയിൽ ലഭ്യമാണ്. 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ് പ്ലസ് എസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ എന്നീ വേരിയന്റുകളിലാണ് കർവ് എത്തിയിരിക്കുന്നത്. രണ്ട് ബാറ്ററി പാക്കുകളിലാണ് കർവ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്.
ടിയാഗോയും രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 19.2 kWh മോഡലിന് 8.72 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 24 kWh മോഡൽ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് 11.16 ലക്ഷം രൂപ മുതൽ 12.26 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. എട്ടു വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാഹനത്തിനു ടാറ്റ നൽകുന്ന വാറണ്ടി.
Story Highlights : Tata Curvv EV and Tiago EV delivered to Rashtrapati Bhawan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here