‘തിരക്ക്! കാവി വസ്ത്രം!! മോക്ഷമല്ല മോഷണം’; ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക

ട്രെയിനുകളിലെ തിരക്ക് മറയാക്കി മോഷണശ്രമം പെരുകുന്നു. സംശയം തോന്നാതിരിക്കാന്‍ മോഷ്ടാക്കള്‍ ധരിക്കുന്നത് കാവി വസ്ത്രവും!. ബുധനാഴ്ച (സെപ്റ്റംബര്‍ 26) രാവിലെ ചെന്നൈ-ആലപ്പി സൂപ്പര്‍ ഫാസ്റ്റിലാണ് ഇത്തരത്തിലൊരു മോഷണശ്രമം നടന്നത്. മോഷ്ടാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. ഇക്കാര്യങ്ങളെ കുറിച്ചൊരു അനുഭവ കുറിപ്പാണ് ചുവടെ ചേര്‍ക്കുന്നത്.
രാവിലെ ഏഴ് മണിയോടെ തൃശൂരില്‍ നിന്ന് ആലുവയിലേക്ക് പോകാന്‍ വേണ്ടിയാണ് ചെന്നൈ-ആലപ്പി ട്രെയിനിലെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ കയറിയത്. രാവിലെയായതിനാല്‍ ട്രെയിനില്‍ തിരക്കുണ്ടായിരുന്നു. അകത്തേക്ക് കയറുന്ന വാതിലിന്റെ അരികിലായി കാവി വേഷത്തില്‍ ചിലര്‍ ഇരിക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ട്രെയിനില്‍ തിരക്ക് വര്‍ധിക്കുന്നത് കണ്ടതോടെ അക്കൂട്ടത്തില്‍ ചിലര്‍ വാതില്‍പ്പടിയില്‍ നിന്ന് ട്രെയിന്റെ ഉള്ളിലേക്ക് നീങ്ങാന്‍ തുടങ്ങി. ഒറ്റ നോട്ടത്തില്‍ സ്വാമിമാരെന്ന് തോന്നുംവിധമുള്ള വേഷവിധാനമാണ് ഇവരുടേത്. ട്രെയിനില്‍ തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ ഇതില്‍ ഒരാള്‍ മോഷണശ്രമം നടത്തുകയായിരുന്നു. പാന്റ്‌സിന്റെ പുറകിലെ പോക്കറ്റില്‍ നിന്ന് തിരക്ക് മറയാക്കി പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. പേഴ്‌സ് മോഷണം പോയെന്ന് മനസ്സിലായി തിരിഞ്ഞ് നോക്കിയപ്പോഴാണ് മോഷ്ടാവിന്റെ കള്ളി പുറത്തായത്. മോഷ്ടിച്ച പേഴ്‌സ് അയാള്‍ അരയിലേക്ക് തിരികി വച്ച നിലയിലായിരുന്നു. ട്രെയിനിലെ എല്ലാവരും ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തിയതോടെ രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടഞ്ഞു. പിന്നീടുള്ള പരിശോധനയില്‍ ഇയാളുടെ കയ്യില്‍ നിന്ന് കഞ്ചാവും പിടികൂടി. സംഭവം റെയില്‍വേ അറിയിച്ചതോടെ പോലീസും ഇതില്‍ ഇടപെട്ടു.
ട്രെയിന്‍ യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റും ഇവരുടെ കയ്യില്‍ ഇല്ലായിരുന്നു. ദീര്‍ഘ ദൂര ട്രെയിനുകളിലെ തിരക്ക് മുതലാക്കിയാണ് മോഷണം നടക്കുന്നത്. അമൃതാനന്ദമയീ മഠത്തിലേക്ക് പോകുകയാണെന്നും താനൊരു സ്വാമിയാണെന്നുമൊക്കെയാണ് ഇയാള്‍ ഞങ്ങളോട് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളതായും ട്രെയിനിലെ സ്ഥിരം യാത്രക്കാര്‍ പങ്കുവെച്ചു. ഒടുവില്‍, എറണാകുളം സൗത്ത് റെയില്‍വേ പോലീസില്‍ ഇയാളെ ഏല്‍പ്പിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പേര് മുകുന്ദനെന്നാണെന്നും തമിഴ്നാട് സ്വദേശിയാണെന്നും ഇയാള്‍ പറഞ്ഞു.
കാവിയുടെ മറവില്‍ തിരക്കുള്ള സന്ദര്‍ഭങ്ങള്‍ മുതലെടുത്താണ് ഇത്തരക്കാര്‍ ട്രെയിനില്‍ മോഷണം നടത്തുന്നത്. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കള്‍, പണം, ആഭരണങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ട ചുമതല നമുക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here