വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി; ഐപിസി 497റദ്ദാക്കി

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി .വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്ന് ഐപിസി 497 റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
150വര്‍ഷത്തിലധികം പഴക്കമുള്ള നിയമമാണ് റദ്ദാക്കിയത്. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് വിധി. നിലവില്‍ പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. സമൂഹം ചിന്തിക്കുന്ന പോലെ സ്ത്രീകള്‍ ചിന്തിക്കണം എന്ന് പറയുന്നത് തെറ്റാണ്. 157 വർഷമായി നിലനിന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമെന്നും വിവേചനപരമെന്നും സ്ത്രീകളുടെ അന്തസ് ഇടിക്കുന്നതെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഈ വകുപ്പ് ഹനിക്കുന്നുവെന്നും കോടതി. വിവാഹമോചനം ആവശ്യപ്പെടുമ്പോൾ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്തതായി തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി.
മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ജോസഫ് ഷൈനിന്റെ ചോദ്യം. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു നിരീക്ഷണം. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here