വിട വാങ്ങിയത് വയലിൻ കൊണ്ട് മായാജാലം തീർത്ത അതുല്യ പ്രതിഭ

ബാലഭാസ്‌കറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. വയലിൻ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ ഈ സംഗീത മാന്ത്രികന് മെലഡിയും ഫാസ്റ്റ് നമ്പറും ഒരുപോലെ വഴങ്ങുമായിരുന്നു. ഒരു സംഗീതോപകരണം കൊണ്ട് മാത്രം ആരുടേയും ഹൃദയം കീഴടക്കാനാകുമെന്ന് കാണിച്ചു തന്ന വ്യക്തികൂടിയാണ് ബാലഭാസ്‌കർ.
തന്റെ മൂന്നാം വയസ്സുമുതൽ വയലിനുമായി കൂട്ടുകൂടിയതാണ് ബാലഭാസ്‌കർ. 1978 ജൂലൈ പത്തിന് സി.കെ ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് ബാലഭാസ്‌കറുടെ ജനനം. വയലിനിസ്റ്റായ അമ്മാവന്റെ ശിക്ഷണത്തിൽ മൂന്നാം വയസ്സിൽത്തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി.
വയലിനുമായി ആദ്യമായി സ്റ്റേജിലേത്തിയത് പന്ത്രണ്ടാം വയസ്സിലായിരുന്നു. 17ആം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകി. ഇതിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന ബഹുമതിയിലേക്കു കൂടി ബാലഭാസ്‌കർ നടന്നു കയറി.
സംഗീത ജീവിതത്തിലെ ആദ്യ വർഷങ്ങളിൽത്തന്നെ കെ.ജെ യേശുദാസ്, പി.ജയചന്ദ്രൻ, കെ.എസ് ചിത്ര തുടങ്ങി പ്രമുഖ ഗായകർ ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദം പകർന്നു.
കോളജ് പഠന കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പ്രൊഫഷണൽ ബാൻഡ് രൂപീകരിച്ചു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ്, ബാലലീല എന്നീ ബാൻഡുകളും സ്ഥാപിച്ചു. കേരളത്തിന് ആദ്യമായി ഇലക്!ട്രിക് വയലിൻ, ഇന്തോ വെസ്റ്റേൺ സംഗീതം പരിചയപ്പെടുത്തിയതും ബാലഭാസ്‌കർ തന്നെയാണ്.
ആദ്യചിത്രമായ മംഗല്യപല്ലക്കിന് ശേഷം പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചു. ഇതിന് പുറമെ, നിനക്കായ്, ആദ്യമായി, നീയറിയാൻ, മിഴിയിലാരോ തുടങ്ങി നിരവധി ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്റെ പല കോണുകളിലായി നിരവധി പരിപാികൾ അവതരിപ്പിച്ച ബാലഭാസ്‌കറിന് 2008 ലാണ് ബിസ്മില്ലാ ഖാൻ യുവ സംഗീത പുരസ്‌കാരം ലഭിക്കുന്നത്. മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തമിഴ്, തെലുങ്ക്, സംസ്‌കൃതം എന്നീ ഭാഷകളിൽ ഈ യുവ സംഗീതജ്ഞൻ തിളങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here