പൊന്‍മുടി, മാട്ടുപ്പെട്ടി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും; ജാഗ്രത പാലിക്കുക

ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ കൂടുതൽ വെളളം തുറന്നു വിടും. മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകളിലൂടെ വെള്ളിയാഴ്ച (ഒക്ടോ.5) രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി 50 ക്യുമക്‌സ്
ജലമാണ് തുറന്നു വിടുക, വ്യാഴാഴ്ച രാവിലെ മുതൽ 25 ക്യുമക്‌സ് വെള്ളം ഒഴുക്കിവിട്ടിരുന്നതാണ് 50 ക്യുമക്‌സായി ഉയർത്തുന്നത്.
മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുളളവർ അതീവ ജാഗ്രത പാലിക്കണം.
പൊൻമുടി ഡാമിൽ നിന്നും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് വെള്ളിയാഴ്ച (ഒക്ടോ.5) രാവിലെ 10 മുതൽ മൂന്നു ഷട്ടറുകളിലൂടെ ഘട്ടം ഘട്ടമായി 100 ക്യുമക്‌സായി വർധിപ്പിക്കും. സെപ്തം ബർ 25 മുതൽ രണ്ട് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന 45 ക്യുമക്‌സ് ജലത്തിന്റെ അളവാണ് ഘട്ടം ഘട്ടമായി 100 ക്യുമക്‌സ് ലേക്ക് ഉയർത്തുന്നത്.
പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ തീരത്തുളളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here