ജമ്മു കാശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജമ്മു കാശ്മീർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12 ജില്ലകളിലെ 422 വാർഡുകളാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മുവിലെ 247 വാർഡുകളിലും കാശ്മീരിലെ 149 വാർഡുകളിലും ലഡാക്കിലെ 26 വാർഡുകളിലുമായി 1283 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
പിഡിപിയും നാഷണൽ കോൺഫറൻസും ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ബഹിഷ്‌കരണവും വിഘടനവാദികളുടെ ഭീഷണിയും നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ഇക്കാരണത്താൽ സംസ്ഥാനത്തെ 60 ശതമാനം സീറ്റുകളിലും മത്സരം ഉണ്ടാകില്ല. 598 വാർഡുകളിൽ 172 എണ്ണത്തിൽ ഒരാൾ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 190 എണ്ണത്തിൽ ആരും മത്സരിക്കാൻ മുന്നോട്ടു വന്നിട്ടില്ല. 40 മുൻസിപ്പാലിറ്റികളിൽ 21 എണ്ണത്തിലും ആരുമില്ല.
ജമ്മു, രജൗരി, പൂഞ്ച് ജില്ലകളിലായി 671 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും അധികം പോളിങ് സ്റ്റേഷനുകളുള്ള ജില്ല ജമ്മുവാണ്. 584 പോളിസ്റ്റ് സ്റ്റേഷനുകളാണ് ജമ്മുവിലുള്ളത്. ബാക്കി 61 എണ്ണം രജൗരിയിലും 26 എണ്ണം പൂഞ്ചിലുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here