മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി ആമിർ ഖാൻ; സുഭാഷ് കപൂർ ചിത്രത്തിൽ നിന്നും പിന്മാറി താരം

മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി ആമിർ ഖാനും ഭാര്യ കിരൺ റൂവുവും. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ‘മൊഗുൾ’ എന്ന ചിത്രത്തിൽ നിന്നും ഇരുവരും പിന്മാറി. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടി ഗീതിക ത്യാഗി സുഭാഷ് കപൂറിനെതിരെ ലൈംഗികാരോപണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആമിർ ഖാനും കിരൺ റാവുവും ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്.
ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ ട്വിറ്ററിൽ കുറിച്ചു. തങ്ങൾ ആരെയും കുറ്റക്കാരായി വിധിക്കുന്നില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.
സംഗീതജ്ഞൻ ഗുൽഷൻ കുമാറിന്റെ ജീവതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് മൊഗുൾ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സുഭാഷ് കപൂർ തന്നെയാണ്. ഗുൽഷൻ ഗ്രോവർ, മൗനി റോയ്, വിക്രം ഗോഖ്‌ലെ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആമിർ ഖാനായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രം ചെയ്യേണ്ടിയിരുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസും ടീ സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കാമെന്ന് തീരുമാനിച്ചിരുന്നത്. ആമിറും കിരണും ചിത്രത്തിൽ നിന്നും പിന്മാറിയതോടെ ഇക്കാര്യങ്ങൾ പ്രതിസന്ധിയിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here