ശബരിമല യുവതീപ്രവേശനം; നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷേധത്തില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി നിരാശജനകമാണെന്നും അപ്രസക്തമാണെന്നും പറഞ്ഞ വെള്ളാപ്പള്ളി വിധിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസിന്റെ അജണ്ടയല്ല എസ്എന്‍ഡിപിയുടേതെന്നും വെള്ളാപ്പളളി. നാഥനില്ലാത്ത സമരത്തിന് ആളെക്കൂട്ടേണ്ട ഗതികേട് എസ്എന്‍ഡിപിക്കില്ല. സര്‍ക്കാരിന്റെ പരിമിതികള്‍ മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല. ആചാരസംരക്ഷണത്തിന് വിശ്വാസികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാം. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പിന്നില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
രണ്ടാം വിമോചന സമരത്തിനാണ് യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കുന്നവര്‍ കോപ്പ് കൂട്ടുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി അംഗങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കരുതെന്നും പ്രതിഷേധ പരിപാടികളെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി അധ്യക്ഷന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here