വീണ്ടും വിവരചോർച്ച; 2.9 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നു

ഫേസ്ബുക്കിൽ വീണ്ടും ഗുരുതര സുരക്ഷാവീഴ്ച്ച. 2.9 കോടി ഉപഭോക്താക്കളുടെ ഫോൺ നമ്പർ, ഇമെയിൽ, പേര്, തുടങ്ങി നിരവധി വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
1.4 കോടി ഉപയോക്താക്കളുടെ ജനനത്തീയതി, ജോലി ചെയ്യുന്ന സ്ഥലം, വിദ്യാഭ്യാസം നടത്തിയതിന്റെ വിവരങ്ങൾ, മത സംബന്ധമായ വിവരങ്ങൾ, ഉപയോഗിക്കുന്ന ഡിവൈസ്, ഫോളോ ചെയ്യുന്ന പേജുകൾ, സെർച്ച് ഹിസ്റ്ററി. ലൊക്കേഷൻ വിവരങ്ങൾ എന്നിവയൊക്കെയാണ് ഹാക്കർമാർ ചോർത്തിയത്.
1.5 കോടി ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയൊക്കെയാണ് ഹാക്കർമാർ കരസ്ഥമാക്കിയത്. ഹാക്ക് ചെയ്യപ്പെട്ടവർക്ക് ഏത് തരത്തിലുള്ള ഹാക്കിംഗാണ് നടന്നതെന്ന് അറിയിച്ച് ഫെയ്‌സ്ബുക്ക് സന്ദേശം അയയ്ക്കും. പ്രൊഫൈൽ ആക്രമണത്തിനിരയായിട്ടുണ്ടോ എന്നറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നവർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർത്തപ്പെട്ടതെന്ന് മനസിലായത്. നിലവിൽ ഫെയ്‌സ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച പരിഹരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here