26 വർഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും പ്രസക്തമായതിനാലാണ് തുറന്നു പറഞ്ഞത്; വെളിപ്പെടുത്തലിൽ വിശദീകരണവുമായി രേവതി

ഡബ്ലിയുസിസി വാർത്താ സമ്മേളനത്തിനിടെ നടന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി രേവതി രംഗത്ത്. താൻ പറഞ്ഞ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. 26 വർഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും പ്രസക്തമായതിനാലാണ് പറഞ്ഞതെന്ന് രേവതി പറയുന്നു. പെൺകുട്ടിയുടെ കതകിൽ ആരോ തട്ടിവിളച്ചപ്പോൾ പേടിച്ചിട്ടാണ് പെൺകുട്ടി തന്റെയടുത്ത് അഭയം തേടിയത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനവിവരം മറുടച്ചുവെച്ചതിൽ രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ജിയാസ് ജമാൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രേവതിയുടെ വിശദീകരണം.
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ച ആ വെളിപ്പെടുത്തൽ രേവതി നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഒരു രാത്രി പതിനൊന്ന് പതിനൊന്നരയോടെ ഒരു പെൺകുട്ടി വന്ന് തന്റെ കതകിൽ തട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചുവെന്നും ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും രേവതി പറഞ്ഞു. ഇനി തന്റെ മക്കൾ വരും ഈ മേഖലയിൽ, തന്റെ സഹപ്രവർത്തകരുടെ മക്കൾ വരും…അവർക്കൊന്നും ഈ സാഹചര്യം ഉണ്ടാകരുതെന്നും രേവതി പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. അതിനായാണ് തങ്ങളുടെ പോരാട്ടമെന്നും ഡബ്ലിയുസിസി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here