കല്യാണി അമ്മയ്‌ക്കെഴുതിയ കത്തിന് ഒന്നാം സ്ഥാനം

തപാൽ വകുപ്പ് സംഘടിപ്പിച്ച മാതൃദിന കത്തെഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി എസ്. കല്യാണി. ‘എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന വിഷയത്തിൽ അമ്മയോട് പറയാനാഗ്രഹിക്കുന്നതും പറയാൻ മറന്നതുമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് കല്യാണി കത്തെഴുത്തിയത്. ഹൃദയത്തിൽ തൊട്ട് അമ്മയ്‌ക്കെഴുതിയ കല്യാണിയുടെ കത്ത് ജ്യൂറിയുടെ മനം കവർന്നു. ഒരു പെൺകുട്ടിക്ക് അമ്മയോട് പറായാനുള്ള കാര്യങ്ങൾ ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച കല്യാണിയുടെ കത്ത് 18 വയസ്സുവരെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായി. ആദ്യ മിസ് കേരളാ വേൾഡ് ജേതാവ് കൂടിയായ ഡോക്ടർ സരസ്വതി മോഹനാണ് കല്യാണിയുടെ അമ്മ. പിതാവ് ഡോക്ടർ സൂരജ്. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് കല്യാണി .
അമ്മമാരെ ആദരിക്കുന്നതിനും കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് തപാൽ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചത്. ആയിരം വാക്കുകളിൽ കവിയാതെ ഇംഗ്ലീഷിലെ മലയാളത്തിലോ കത്തെഴുതണം എന്നതായിരുന്നു മത്സരം. ഇൻസ്റ്റന്റ് മെസ്സേജിങ്ങിന്റെ കാലത്ത് യുവതലമുറകളിൽ കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പതിനെട്ട് വയസ്സുവരെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനം കല്യാണിയും രണ്ടാം സമ്മാനം വിവേക് വേണുഗോപാലും, മൂന്നാം സമ്മാനം ഇഎസ് ബാലഗണേഷും കരസ്ഥമാക്കിയപ്പോൾ 18 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം ജെസ്സി മാത്യുവും, രണ്ടും മൂന്നും സ്ഥാനം സുമയ്യ ഫർവിയും ശ്വേത മോഹനും നേടി.
തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ മത്സരത്തിലെ വിജയികളെ ആദരിക്കും. ചടങ്ങിൽ വിജയികൾക്ക് പ്രശസ്തിപത്രവും, ഫലകവും ലഭിക്കും. വിജയികളെ ആദരിക്കുന്നതിനോടൊപ്പം ഇവർ എഴുതിയ കത്തുകൾ എഴുത്തുമാസികയിലും പ്രസിദ്ധീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here