‘ശ്രീധരന്‍പിള്ളയുടേത് ഗീബല്‍സിയന്‍ സിദ്ധാന്തം’; ബിജെപി സംസ്ഥാന അധ്യക്ഷനെ കടന്നാക്രമിച്ച് കടകംപള്ളി സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലയ്ക്കലില്‍ ബിജെപി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തിയതിന് തുല്യമാണെന്ന് ആരോപിച്ച മന്ത്രി ശ്രീധരന്‍പിള്ള അവലംബിച്ചിരിക്കുന്നത് ഗീബല്‍സിയന്‍ സിദ്ധാന്തമാണെന്നും കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഗൂഢമായ ലക്ഷ്യമില്ല. എല്ലാം നല്ലപടി നടക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാണ് ദേവസ്വം മന്ത്രി എന്ന നിലയില്‍ സന്നിധാനത്ത് വച്ച് അവലോകന യോഗം ചേര്‍ന്നത്. എന്നാല്‍, ശ്രീധരന്‍പിള്ള സര്‍ക്കാറിന് എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് പറഞ്ഞ് പരത്തുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത് ആര്‍.എസ്.എസുകാരാണെന്ന് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആണത്തമെങ്കിലും ശ്രീധരന്‍പിള്ള കാണിക്കണമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here