യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

നവകേരള നിര്‍മിതിക്ക് വിദേശ മലയാളികളുടെ സഹായം തേടിയുള്ള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ 17നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കര്‍ശന നിയന്ത്രണമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഉണ്ടായത്. ദുബായി ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്തിരുന്നു.
എം എ യൂസുഫലിയുടെ നേതൃത്വത്തില്‍ ലോകകേരള സഭയിലെ യു എ ഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ രണ്ട് പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് യോഗങ്ങളില്‍ പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിനെ നിശിതമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു.
ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് വാക്ക് മാറ്റി എന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. വിദേശ സഹായങ്ങളെ എതിര്‍ത്ത വിഷയത്തിലും പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ചു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here