Advertisement

‘ഇത് വിശ്വാസമല്ല, ഇതില്‍ ഭക്തിയില്ല. നിങ്ങള്‍ വളര്‍ത്തുന്നത് വര്‍ഗീയത മാത്രമാണ്’; മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്

October 23, 2018
Google News 0 minutes Read

ശബരിമലയെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ തുറന്നുകാണിച്ച് മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രളയത്തെ നേരിടാന്‍ ഒന്നിച്ചുനിന്ന ജനതയെ മതിലുകള്‍ പുനഃസ്ഥാപിച്ച് വീണ്ടും ഭിന്നിപ്പിക്കാനുള്ള ശബരിമല ഓപ്പറേഷന് നേരെ കണ്ണടയ്ക്കാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തക ഡെസ്‌നി സുല്‍ഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംഘപരിവാറിന്റെ നീക്കങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം ജാഗ്രതയോടെ കാണണമെന്നും വര്‍ഗീയതയുടെ സംഘ് അജണ്ട തിരിച്ചറിയണമെന്നും ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമലയിലെ പ്രതിഷേധങ്ങളുടെ ഭാഗമായി നടക്കുന്ന സംഘപരിവാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ഈ നിലയത്തിൽ നിന്നുള്ള ശബരിമല സംപ്രേഷണം ഇതോടു കൂടി ആരംഭിച്ചിരിക്കുന്നു

കരുതിയിരിക്കുക, പണിയുന്നത് വെറുപ്പിന്റെ മതിലുകള്‍

പ്രളയം കഴുകിക്കളഞ്ഞ വൃത്തികേടുകളൊക്കെയും തിരികെ കൊണ്ടുവന്നിടാനുള്ള ശ്രമമാണ് കേരളത്തിലിപ്പോള്‍ ഒരുകൂട്ടര്‍ നടത്തുന്നത്. ഭിന്നതകള്‍ മാഞ്ഞുപോയപ്പോള്‍ ഒന്നിച്ചുനിന്ന ജനതയെ മതിലുകള്‍ പുനഃസ്ഥാപിച്ച് വീണ്ടും ഭിന്നിപ്പിക്കാനുള്ള ശബരിമല ഓപ്പറേഷന് നേരെ കണ്ണടയ്ക്കാനാവില്ല നവോത്ഥാന കേരളത്തിന്.

ദിവസങ്ങളായി നടക്കുന്നതെല്ലാം വെറുപ്പിന്റെ, വര്‍ഗീയതയുടെ സംഘ് അജണ്ടയാണെന്ന തിരിച്ചറിവോടെ, കലാപത്തിന്റെ വിത്തെറിയാനുള്ള ശ്രമങ്ങളെ വിവേകപൂര്‍വം തിരിച്ചറിഞ്ഞ് സൂക്ഷ്മതയോടെ നീങ്ങണം. മുമ്പെങ്ങുമില്ലാത്തവിധം ജാഗ്രതവേണം ഓരോ ചുവടിലും; ഓരോ വാക്കിലും.

നട അടച്ച ശേഷവും ശബരിമലയില്‍ വിവാദം കൊഴുക്കുകയാണ്. സന്നിധാനത്ത് മുഴങ്ങിയിരുന്നത് ശരണമന്ത്രങ്ങളായിരുന്നില്ല; ഘോ ഘോ വിളികളാണ്. ശബരിമല ഇങ്ങനെ സംഘര്‍ഷഭരിതമായിട്ടില്ല. ആരുമതിന് തുനിഞ്ഞിട്ടുമില്ല. ഇതിപ്പോള്‍ തീക്കളിക്കാണ് സംഘപരിവാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കിട്ടുന്നതൊക്കെയും ലാഭം. ഒരു സ്ത്രീയെക്കൂടി തടഞ്ഞിരിക്കുന്നുവെന്ന ബ്രേക്കിങ് ന്യൂസുകള്‍ ചാനല്‍സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. തെറിവിളിയും കയ്യേറ്റവും കല്ലേറുമായി ആള്‍കൂട്ടം അവരെ ഭയപ്പെടുത്തുന്നു.

52 വയസ്സുണ്ടെന്നും രണ്ടാം തവണയാണ് മലകയറുന്നതെന്നും പറഞ്ഞ തീര്‍ത്ഥാടക തെളിവു നല്‍കണമത്രെ. ഭ്രാന്തന്‍ ജനക്കൂട്ടവും മാധ്യമപ്പടയും അവരെ വളഞ്ഞിട്ടു ചോദ്യംചെയ്യുന്നു. പൊലീസ് പ്രായം ആരായുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസില്‍ കൊണ്ടുപോയിരുത്തുന്നു. അവരുടെ മുഖത്തെ ഭയപ്പാട് കാണണം. അയ്യപ്പനെ ദര്‍ശിക്കണമെന്ന അവരുടെ ആഗ്രഹമൊക്കെ പോയിക്കാണണം, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിക്കാണണം.

വിശ്വാസത്തോടെ, ശാന്തതയോടെ, ശരണംവിളിയോടെ ഭക്തര്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത ഇടമായി ശബരിമലയെ ചിലര്‍ മാറ്റിയിരിക്കുന്നു. ശരണംവിളികൊണ്ട് മുഖരിതമായ കാനനപാതകള്‍ തെറിവിളികൊണ്ടും ഭീഷണികൊണ്ടും കലുഷിതമായിരിക്കുന്നു. ശരണമന്ത്രങ്ങള്‍ക്ക് ആസുരത കൈവന്നിരിക്കുന്നു. ശീതളിമയുടെ കാടകം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന കലാപത്തിന്റെ ആശങ്കയാല്‍ ചൂടുപിടിച്ചിരിക്കുന്നു. ഭയമാണ് സംഘപരിവാര്‍ വളര്‍ത്തുന്നത്. പടര്‍ത്തുന്നത്. ഇത് വിശ്വാസമല്ല. ഇതില്‍ ഭക്തിയില്ല. നിങ്ങള്‍ വളര്‍ത്തുന്നത് വര്‍ഗീയത മാത്രമാണ്.
ഉത്തരേന്ത്യയില്‍ വേരുകളാഴ്ത്തി തഴച്ചുവളര്‍ന്ന സവര്‍ണഹിന്ദുത്വ അജണ്ടകള്‍ക്ക് കേരളത്തില്‍ നിലമൊരുക്കാന്‍ പാടുപെടുകയായിരുന്നു ഇതുവരെയും സംഘപരിവാര്‍. വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇനിയൊരവസരമില്ലെന്നുകണ്ടു ‘വേണ്ടവിധം കൈകാര്യംചെയ്യണമെന്ന മെസ്സേജുകള്‍ പുറത്തുവന്നു കഴിഞ്ഞു.

ശബരിമല വിഷയത്തില്‍ പല സമയങ്ങളില്‍ പല നിലപാടുകളെടുത്തത് എന്തിനു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ആര്‍എസ്എസ് എല്ലാകാലത്തും ഇത് തന്നെയാണ് ചെയ്തത്. ഇത് തന്നെയാണ് അവരുടെ രീതി. സംഘപരിവാര്‍ നടത്തിയ ഏതെങ്കിലും ആക്രമണത്തില്‍ ആര്‍.എസ.എസ്സി.ന്റെ പേര് വന്നിട്ടുണ്ടോ. ഇല്ല എന്നുതന്നെയാണുത്തരം.

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ്സല്ല. ഹിന്ദു മഹാസഭയാണ്. (ആ സംഘടനയാണ് ഇപ്പോള്‍ ശബരിമല സമരത്തില്‍). ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധബോല്‍ക്കറെയും ഗൗരി ലങ്കേഷിനെയും കൊന്നത് ആര്‍.എസ.്എസ്സല്ല. സനാതന്‍ സന്‍സ്തയാണ്. ഓരോ കലാപത്തിനും ഓരോ സംഘടനയുണ്ടാക്കി കൃത്യം നിര്‍വഹിക്കുകയാണ് ആര്‍എസ്എസിന്റെ ഫാസിസ്റ്റ് രീതി. ആ സംഘടനയ്ക്ക് നിയതമായ രൂപമുണ്ടാവണമെന്നില്ല. വെറും ആള്‍ക്കൂട്ടം. ആര്‍ക്കും ഒന്നിനും ഉത്തരവാദിത്തമുണ്ടാകില്ല.

ആര്‍.എസ.്എസ്സിനും ബിജെപിക്കും കലാപത്തിനെതിരെ സംസാരിക്കാം; കൃത്യനിര്‍വഹണം സേവ് ശബരിമല ഫോറവും ഹിന്ദുമഹാസഭയും മറ്റുള്ളവരും നടത്തിക്കൊള്ളും. കഥയറിയാതെ ആട്ടമാടുന്ന ഭൂരിപക്ഷം ഇക്കൂട്ടര്‍ക്കിടയിലുമുണ്ട്. വിശ്വാസം, ആചാരം തുടങ്ങി അതിവൈകാരികതയില്‍ അടിപ്പെട്ടവര്‍ക്ക് തലപ്പത്ത് നടക്കുന്ന ഗൂഢാലോചനകളൊന്നും അറിയില്ല. വിശ്വാസസംരക്ഷണത്തിന്റെപേരില്‍ അവരെ പൊട്ടനാട്ടം കളിപ്പിക്കുകയാണ്.

എന്തേ ഇന്ത്യയുടെ തെക്കേയറ്റത്ത് ഇടത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന ഈ ചെറിയ സംസ്ഥാനത്തെ തകര്‍ക്കാന്‍ ഇതുവരെയും ഇക്കൂട്ടര്‍ക്കായില്ല. ഉത്തരം ലളിതമാണ്. എന്നും ഇടത്തോട്ട് ചാഞ്ഞുതന്നെയാണ് കേരളം നിന്നത്. ഇവിടത്തെ ഇടതുപക്ഷക്കാര്‍ മാത്രമല്ല, വലതരും ഒരര്‍ത്ഥത്തില്‍ ഇടത്തേയ്ക്ക് ചാഞ്ഞേ നിന്നിട്ടുള്ളു.

കേരള നവോത്ഥാനത്തിന്റെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇവിടത്തെ വലതുപക്ഷക്കാരും അരാഷ്ട്രീയവാദികളുമൊക്കെ വളര്‍ന്നത്. ആസിഫയുടെ ക്രൂരമായ കൊലപാതകം പോലും നാണമില്ലാതെ ഉത്തരേന്ത്യന്‍ സംഘികള്‍ ന്യായീകരിക്കുമ്പോള്‍ അതിനു മുതിരാതെ നിശ്ശബ്ദനായിരിക്കാനെങ്കിലും ഇവിടത്തെ സംഘിയെ പ്രാപ്തനാക്കുന്നത് ആ നവോത്ഥാന നന്മയാണ്. ആ നന്മയിലേക്ക് എത്ര ചെളിവാരി എറിഞ്ഞാലും വീണ്ടും ശുദ്ധമായി വന്നുനില്‍ക്കാനുള്ള കരുത്തും ഈ നാടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കലാപത്തിന്റെ ഒരു വിത്തും ഇക്കാലമത്രയും പണിപ്പെട്ടിട്ടും ഇവിടെ കുരുക്കാത്തത്.

തമിഴ്‌നാട്ടുകാരിയായ തീര്‍ത്ഥാടക ഒടുവില്‍ തൊഴുതു മടങ്ങിയെങ്കിലും ഇനി അവര്‍ അടുത്ത മണ്ഡലകാലത്ത് ഇങ്ങോട്ടുവരുമെന്നു തോന്നുന്നില്ല.

പൊട്ടിക്കരഞ്ഞ അവര്‍ നിങ്ങളുടെ ‘ആചാരസംരക്ഷണ’ത്തെ മതിപ്പോടെ കണ്ടുകാണില്ലെന്നുറപ്പ്. അയ്യപ്പന്റെ ശക്തിയെക്കൂടി സംശയിക്കുന്ന തരത്തില്‍ പെരുമാറല്ലേ അയ്യപ്പഭക്തരെ. നിങ്ങളുടെ രഹസ്യങ്ങള്‍ ഒക്കെ ചോര്‍ന്നുപോകുന്നത് കാണുന്നില്ലേ. നിങ്ങളില്‍ നിന്ന് എത്രയോപേര്‍ കഴിഞ്ഞദിവസങ്ങളില്‍ പിന്‍വാങ്ങിയെന്നു കാണുന്നില്ലേ. മുഖം മൂടി അഴിഞ്ഞുവീണിരിക്കുന്നു.

ഇപ്പോള്‍ അവിടുള്ളത് ഭക്തരല്ല. അക്രമികള്‍ മാത്രം.
എന്തൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലുണ്ടായത്. ഒരു കലാപം ഇതാ തൊട്ടരികെ എന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍.

യുദ്ധസമാനം ഓരോ നിമിഷത്തെയും വിവരങ്ങളറിയാന്‍ ടെലിവിഷനു മുന്നില്‍ ശ്വാസമടക്കിപിപ്പിച്ചിരുന്ന മണിക്കൂറുകള്‍. കലാപാഹ്വാനങ്ങള്‍, സ്ഥിതിവിവര റിപ്പോര്‍ട്ടുകള്‍, രഹസ്യവിവര കൈമാറ്റങ്ങള്‍, ചെളിവാരിയെറിയലുകള്‍, തര്‍ക്കങ്ങള്‍, സമാധാനപ്പെടുത്തലുകള്‍, ക്രമസമാധാനപാലന നിര്‍ദേശങ്ങള്‍… സമൂഹമാധ്യമങ്ങളും ഓരോ നിമിഷവും അപ്‌ഡേറ്റ് ചെയ്യപ്പെട്ടു. വീര്‍ത്തുപൊട്ടാവുന്ന ഒരു ബലൂണ്‍ ആയിരുന്നു കേരളം.

പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് യു.എ.ഇ.യിലെത്തിയ മുഖ്യമന്ത്രി ഇവിടത്തെ ഓരോ നീക്കവും നിരീക്ഷിച്ചു, നിര്‍ദേശങ്ങള്‍ കൊടുത്തു, വിമര്‍ശിച്ചു. എന്തിനു ഇങ്ങനൊരു നേരത്ത് അദ്ദേഹം രാജ്യംവിട്ടുവെന്നു ചോദിച്ചാല്‍, ആ ചോദ്യത്തിലുണ്ട് ഉത്തരം.


നവകേരള നിര്‍മിതിയേക്കാള്‍ പ്രാധാന്യമൊന്നും കൊടുക്കേണ്ട ഒന്നും നിലവില്‍ ശബരിമല വിഷയത്തില്‍ ഇല്ല എന്നത് തന്നെ.

പ്രളയം പോലെ, വര്‍ഗീയകലാപങ്ങളും കണ്ടുശീലിച്ചവരല്ല മലയാളികള്‍. അവരുടെ ആധികള്‍ക്കു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദുവര്‍ഗീയത പീലിവിടര്‍ത്തിയാടിയത്.
ഇവിടെ വര്‍ഗീയതയുടെ ടെസ്റ്റ് ഡോസുകള്‍ നടത്തിയ സംഘപരിവാറിന്റെ ആദ്യ മേജര്‍ ഓപ്പറേഷനാണ് ശബരിമല. അത് പരാജയപ്പെട്ടിരിക്കുന്നു.

സുപ്രീംകോടതി വിധിയൊക്കെ നാട്ടില്‍ നടപ്പാകും. അതിനുവേണ്ടി കലാപമുണ്ടാക്കാന്‍ മാത്രം വിഡ്ഢികളല്ല ഇവിടുള്ളവര്‍. ഓരോ മാറ്റവും ഇങ്ങനൊക്കെത്തന്നെയാണ് സംഭവിച്ചിട്ടുള്ളത്. പതുക്കെ ആ മാറ്റം ഉള്‍കൊള്ളാന്‍ മലയാളികള്‍ ശീലിച്ചുകൊള്ളും. നമുക്ക് വേറെ പലതും ചെയ്തുതീര്‍ക്കാനുണ്ട്.

പ്രളയത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. കോര്‍ത്തുപിടിച്ച കൈകള്‍ ഊര്‍ന്നുപോകരുത്. കൂടുതല്‍ ചേര്‍ന്നുനില്‍ക്കുക, സ്‌നേഹത്തിന്റെ ചൂടു പകരുക. ഉത്തരേന്ത്യന്‍ വിഷവിത്തുകള്‍ ഈ മണ്ണില്‍ മുളയ്ക്കില്ലതന്നെ. കാരണം ഇത് കേരളമാണ്.

— ഡെസ്‌നി സുല്‍ഹ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here