Advertisement

‘നടവരവില്‍ നിന്ന് നയാപൈസ പോലും സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല’: മന്ത്രി തോമസ് ഐസക്

October 24, 2018
Google News 1 minute Read
Thomas Issac FM

ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തരത്തില്‍ പ്രചരണം നടക്കുന്നത് എത്രയോ ഹീനമായ പ്രവൃത്തിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നടവരവില്‍ നിന്ന് ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നില്ല എന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്ന പണത്തിന്റെ കണക്കും വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ശബരിമലയുടെ വരുമാനമത്രയും സർക്കാരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന ഹീനമായ പ്രചരണം കൊണ്ടുപിടിച്ചു നടക്കുകയാണ്. ഈയിടെ തമിഴ്നാട്ടിൽ നിന്നു വന്ന വാഹനത്തിൽ കയറി ഏതോ സംഘപരിവാറുകാരൻ പച്ചനുണ പറയുന്ന ഒരു വീഡിയോയും കണ്ടു. നടവരവിൽ നിന്ന് ഒരു നയാപൈസപോലും സർക്കാർ ആവശ്യങ്ങൾക്ക് ചെലവാക്കുന്നില്ല. എന്നു മാത്രമല്ല, ശബരിമലയിലെ തീർത്ഥാടനസൌകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഖജനാവിൽ 
പണം മുടക്കുന്നുമുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശ്വാസികളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് ചിലരുടെ വ്യാമോഹം. വിശ്വാസികളെന്നാൽ ഇക്കൂട്ടരുടെ പ്രചരണം മാത്രം വിശ്വസിക്കുന്ന ചിന്താശേഷിയില്ലാത്ത ആളുകളാണെന്നാണല്ലോ ധാരണ.

ഇപ്പോൾ ശബരിമല മാസ്റ്റർപ്ലാനിൽ 142 കോടിയുടെ പ്രോജക്ടുകൾക്ക് പണം അനുവദിക്കാൻ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഭൌതികസൌകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തിൽ പണി പൂർത്തീകരിക്കുന്നത്. പദ്ധതിയുടെ എസ്പിവിയായി ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.

സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്ന് എസ്പിവി ഉറപ്പുവരുത്തും. രണ്ടുവർഷത്തിനകം പമ്പയിൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കും. അടുത്ത അമ്പതു വർഷത്തെ ശബരിമലയുടെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാനിനു രൂപം നൽകിയിരിക്കുന്നത്.

ഇതിനുപുറമെ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവർഷമുണ്ട്. ശബരിമലയിൽ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനു പുറമെ വകയിരുത്തിയിരിക്കുന്നത്. ഭക്തർക്കു വേണ്ട സൌകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടിയാണ് ഈ വർഷം വകയിരുത്തൽ.

2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ നിലനിർത്തി ഭക്തർക്ക് കൂടുതൽ സൌകര്യങ്ങൾ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൌകര്യവുമൊരുക്കൽ, വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here