ചേരി , പ്രണയം , ഗൂണ്ട ; ‘വടാ ചെന്നൈ’ പറയുന്നത്

ഉന്മേഷ് ശിവരാമൻ
ചേരികളും ഗൂണ്ടകളും തമിഴ്സിനിമയിലെ വ്യത്യസ്ത പ്രമേയമല്ല. കീഴാളസ്വത്വം നടത്തുന്ന അതിജീവനമായി , ഗൂണ്ടകളുടെ രൂപപ്പെടലിനെ ചിത്രീകരിച്ച തമിഴ് സിനിമകളും ആദ്യമല്ല . വെട്രിമാരന്റെ ‘വടാ ചെന്നൈ’ യും ഗൂണ്ടാക്കഥയാണ്. വന്യതയുടെ അടയാളത്തോടെയാണ് സിനിമാത്തുടക്കം.
ഗൂണ്ടകള്‍ ഉണ്ടാകുന്നത്
ഉത്തര ചെന്നൈയിലെ ഗൂണ്ടാപ്പകയാണ് പ്രമേയം. നായകന്റെ ( ധനുഷ്) ചേരിജീവിതത്തില്‍ ഗൂണ്ടാ സഹവാസമുണ്ട്. ക്യാരംകരുക്കളില് നിന്ന് കത്തിമുനയിലേക്ക് ജീവിതം മാറുന്നത് പ്രണയവഴിയിലെ യാത്രയ്ക്കിടെയാണ്. പ്രണയിനിയെ പരസ്യമായി ചുംബിച്ചത് കണ്ട സമീപവാസികള്‍ , അധിക്ഷേപിക്കുന്നിടത്തു നിന്നാണ് നായകന്റെ ഗൂണ്ടാപരിണാമം . നായികയുടെ മാന്യത ചോദ്യം ചെയ്ത ചെറുഗൂണ്ടയെ കുത്തിയാണ് ഗൂണ്ടയായുള്ള നായകമാറ്റം തുടങ്ങുന്നത്. നായികയെ പ്രാണനുതുല്യം സ്നേഹിക്കുന്ന നായകന് തമിഴ് വൈകാരികതയെ ഉണര്‍ത്തുന്നുണ്ട്. ജയില്‍ ജീവിതവും തിരിച്ചുവരവും അനുബന്ധമാണ്. സിനിമയുടെ രണ്ടാംഭാഗത്തിലാണ് കൂടുതല്‍ കഥകള്‍.
നന്മ നിറഞ്ഞ ഗൂണ്ടാവഴി
ചേരി ഒഴിപ്പിക്കലുകള്‍ നഗരനിര്മ്മിതിക്കു മാത്രമുള്ള ഭരണകൂടതന്ത്രമല്ല ; പണവരവിനുള്ള വഴി കൂടിയാണ്. ‘വടാ ചെന്നൈ’യും മുന്നോട്ടു വയ്ക്കുന്ന നഗരബോധം മറ്റൊന്നല്ല . ചേരിയെ പിറന്നയിടമായി കാണുന്ന നായകന് തുടര്‍ച്ചയാണ്.
മത്സ്യത്തൊഴിലാളികളെയും കൂലിപ്പണിക്കാരെയും ഒഴിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തെ ചെറുത്തു തോല്പ്പിക്കുമ്പോള് , ഗൂണ്ടാചെയ്തിക്ക് ന്യായീകരണമാകുന്നു.
കീഴാളനന്മയ്ക്കു വേണ്ടിയുള്ള അതിക്രമങ്ങള്‍ നീതീകരിക്കപ്പെടുമെന്ന ബോധം തന്നെയാണ് ‘വടാ ചെന്നൈ’യിലും വേരോടുന്നത്. ധനുഷിന്റെ അഭിനയ മിന്നലാട്ടങ്ങളാണ് ‘വടാ ചെന്നൈ’യെ വേറിട്ടതാക്കുന്ന ഘടകങ്ങളിലൊന്ന്.
കാലവും തമിഴ്സ്വത്വവും
സിനിമയിലെ കാലത്തിന് വിശ്വാസ്യത വരുത്താന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധിയുടെ മരണവും എംജിആറിന്റെ മരണവും ഇത്തരത്തിലാണ് സിനിമയില്‍ ഇടംപിടിക്കുന്നത്. തമിഴര്‍ക്ക് ആരായിരുന്നു എംജിആര്‍ എന്നതിന്റെ ഭാവപ്പകര്‍ച്ചകള്‍ ‘വടാ ചെന്നൈ’യിലുണ്ട്. എംജിആറിന് ശേഷം ആരധികാരത്തില്‍ വരുമെന്ന കൃത്യമായ പ്രവചനം ഗൂണ്ടാലോകത്തു നിന്നാണ് വരുന്നത്. രാഷ്ട്രീയവും ഗൂണ്ടാജീവിതവും തമ്മിലുള്ള ഇഴയടുപ്പവും കാണാം. അതേ സമയം, തമിഴ്സ്വത്വത്തിന് പുറത്തായ രാജീവ് ഗാന്ധി ഏറെക്കുറെ അപരിചിതലോകമാണ്. ആരാണവര്‍ എന്നതിനു പോലും ഉത്തരമില്ലാത്തവരാണ് സിനിമയിലെ തമിഴ്ജനത.
ചങ്കുറപ്പുള്ള നായികമാര്‍
ചങ്കുറപ്പുള്ള നായികാനിര്മ്മിതികളാണ് ‘വടാ ചെന്നൈ’യിലേത് . ഒരാള്‍ (ഐശ്വര്യയുടെ കഥാപാത്രം) പ്രണയത്തിന്റെ കാര്യത്തില്‍ ധീരയാണ്. പിതാവിനെ ധിക്കരിച്ചാണ് പ്രണയവഴിയെ സഞ്ചരിക്കുന്നത്. തന്റെ ജീവിതം തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല എന്നുതന്നെ. ‘നല്ല ഗൂണ്ടയെ’ തിരഞ്ഞെടുക്കുന്ന നായികയാണ് രണ്ടാമത്തേത് (ആന്‍ഡ്രിയയുടെ കഥാപാത്രം) . ഇഷ്ടം ആദ്യം പ്രകടിപ്പിക്കുന്നതും അവര്‍ തന്നെ. ചതിയില്‍ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍, കാരണക്കാരെ ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങുന്നതും അവള് തന്നെ. താന്‍ രാജന്റെ ഭാര്യയാടാ എന്നാണ് അവളുടെ ന്യായം. അതുണ്ടാകുന്നതും അഗാധമായ പ്രണയത്തില്‍ നിന്നാണ്.
തിരശ്ശീലയിലെ മാസ്മരികതയല്ല , കഥ പറച്ചിലിന്റെ ആത്മാര്‍ത്ഥതയാണ് ‘വടാ ചെന്നൈ’യെ നല്ല സിനിമയാക്കുന്നത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here