സ്റ്റീരിയോടൈപ്പുകളെ കാറ്റില്‍ പറത്തി കാറ്റില്‍…

kaatil

സ്കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്..
ഒരേയൊരു സുഹൃത്ത്.. അങ്ങനെയൊരാളുണ്ടെങ്കില്‍ യൂ ആര്‍ ലക്കിയെസ്റ്റ് പേഴ്സന്‍ ഇന്‍ ദിസ് വേള്‍ഡ്.. ഫോര്‍വേഡ് മെസേജൊന്നുമല്ല, കാറ്റില്‍ എന്ന ഹൃസ്വചിത്രത്തിലെ നായിക വിതുമ്പികൊണ്ട് പറയുന്ന വാചകമാണ്.. ഒരു പെണ്ണിന്‍റെ അവളനുഭവിക്കേണ്ടി വന്ന ആരൂല്ലായ്മകളുടെ , ഒന്നുമില്ലായ്മകളുടെ ഭാരമാണ് ചിത്രം വരച്ചുകാട്ടുന്നത്.

സ്കൂള്‍ കോളജ് കാലത്ത് ജീവിതം ആഘോഷിക്കുന്നവരാണ് നമ്മളൊക്കെ, വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ തമാശകളും നുറുങ്ങു പ്രേമങ്ങളുമൊക്കെ ചിരി പടര്‍ത്തുന്ന ഓര്‍മ്മകളാണ് പലര്‍ക്കും. എന്നാലവയൊന്നും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു കൂട്ടരുണ്ടാവും.. കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ വല്ലാതെ നോവിച്ചവര്‍.. തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടബോധവും അവഗണനകളും മാത്രം സമ്പാദിച്ചവര്‍..ഒടുവില്‍ വിഷാദത്തിന്‍റെ നീരാളിപിടുത്തത്തില്‍.

പിടഞ്ഞുതീരാതെ ഒറ്റയ്ക്ക് സ്വപ്നങ്ങളിലേക്ക് നടന്നടുത്തവര്‍. നാന്‍സി ഒരാളല്ല, ഒരുപാട് പേരാണ്.. ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുളായ നാന്‍സി..
രാത്രി ഒരു ആണിനൊപ്പം മറൈന്‍ഡ്രൈവിലെ ഇരുട്ടില്‍ നില്‍ക്കുന്ന നാന്‍സി സദാചാരത്തിന്‍റെ കാവല്‍ക്കാര്‍ക്കൊരു ഇരയാണ്, അവിടെയും അവരുടെ അര്‍ത്ഥഗര്‍ഭമായ ചോദ്യങ്ങള്‍ക്ക് ചാട്ടുളിപോലെ മറുചോദ്യം ചോദിക്കുന്നുണ്ട് അവള്‍.. ബോട്ടിലിരിക്കുന്ന പാവം പയ്യന്‍റെ നെഞ്ചിടിപ്പ് കൂട്ടിയ കുറുമ്പത്തി നാന്‍സി .. പ്രണയമല്ല സൗഹൃദമാണ് കാറ്റില്‍ പറഞ്ഞുവെക്കുന്നത്. പഴയ വണ്‍ സൈഡ് പ്രണയം മനസിലിട്ട്
വീണ്ടും അവളെ കാണുമ്പോള്‍ നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടുമെന്ന് കരുതിയ ജോണിനോട് അന്നത്തെ കുട്ടിയിലെ സത്യവും സ്നേഹവും ഇന്നില്ലെന്ന് സങ്കോചമെന്യേ പറയാനവള്‍ക്ക് കഴിയുന്നതും സൗഹൃദമാണ്. ദുര്‍ബലയായി നാന്‍സിയെ നമ്മള്‍ കാണുന്നതും അവിടെയാണ്. തെറ്റു ചെയ്തതില്‍, അവഗണിക്കപ്പെട്ടതില്‍, തെറ്റും ശരിയും തമ്മില്‍ മാറിപ്പോയതില്‍, സ്വയം  നഷ്ടപ്പെട്ടതില്‍, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവളായതില്‍ അവളൊരിക്കലും സ്വയം കുറ്റപ്പെടുത്തുന്നില്ല. യഥാര്‍ത്ഥ സൗഹൃദമെന്താണെന്ന് പറഞ്ഞുനിര്‍ത്തിയാണ്

കഥയവസാനിക്കുന്നത്.. ഹാപ്പിലി എവള്‍ ആഫ്റ്റര്‍ പ്രണയങ്ങള്‍ ആഘോഷിക്കുന്ന ഷോര്‍ട്ട്ഫിലിം കാലത്ത് കാറ്റില്‍ ഇങ്ങനെ മനസില്‍ തൊടുന്നതും ഇതു കൊണ്ടൊക്കെയാണ്. ഇത് ഒട്ടും പെര്‍ഫക്ടല്ലാത്ത പെര്‍ഫെക്ട് നായികയുടെ കഥയാണ്. നാന്‍സി പുതിയ തീരങ്ങള്‍ തേടി പോവുകയാണ്.. വീണിടത്ത് നിന്നൊക്കെ ഉയിര്‍ത്തെണീക്കാനുള്ള ശ്രമങ്ങളിലാണ്.. അങ്ങനെയാവണം ഓരോ പെണ്ണുമെന്നവള്‍ ലോകത്തോട് വിളിച്ചുപറയുന്നു. സജാസ് മുഹമ്മദാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തില്‍ ആദ്യാവസാനം മാറിമറിയുന്ന വ്യത്യസ്തമായ വികാരങ്ങള്‍ തങ്ങളില്‍ കണ്ടെത്താനായാല്‍ കാണുന്നവരുടെ ഉള്ളില്‍ ഇളങ്കാറ്റായി കാറ്റില്‍ തൊടുമെന്നുറപ്പാണെന്ന് സംവിധായകന്‍ പറയുന്നു. നാന്‍സിയെ ജീവസുറ്റതാക്കിയത് ആന്‍ സലീമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top