മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 224 റണ്‍സിന്റെ വമ്പന്‍ ജയം. ഇന്ത്യയുടെ 377 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 36.2 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്‍പിലെത്തി. രണ്ടാം ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന അഞ്ചാം ഏകദിനം പരമ്പര വിജയികളെ തീരുമാനിക്കും. അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സമനിലയാകും.

മുംബൈ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നായകന്‍ ജേസന്‍ ഹോള്‍ഡര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഹോള്‍ഡര്‍ പുറത്താകാതെ 54 റണ്‍സ് നേടി. മറ്റാര്‍ക്കും 20 റണ്‍സിന് മുകളില്‍ പോകാന്‍ സാധിച്ചില്ല. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ഇന്ത്യയുടെ ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. അഞ്ച് ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രം വഴങ്ങിയാണ് ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ, ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ 137 പന്തില്‍ നിന്ന് 162 റണ്‍സ് നേടി. നാല് സിക്‌സറുകളും 20 ഫോറുകളും അടക്കമായിരുന്നു രോഹിതിന്റെ കിടിലന്‍ ഇന്നിംഗ്‌സ്. ഏകദിന കരിയറില്‍ ഏഴാം തവണയാണ് രോഹിത് 150 റണ്‍സ് നേടുന്നത്. ഈ പട്ടികയില്‍ ഒന്നാമതുള്ള താരവും രോഹിത് തന്നെയാണ്. അഞ്ച് തവണ 150 ല്‍ കൂടുതല്‍ റണ്‍സ് നേടിയുള്ള സച്ചിനാണ് രണ്ടാമത്. ഏകദിന കരിയറിലെ മൂന്നാം സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡു രോഹിത് ശര്‍മയ്ക്ക് മികച്ച പിന്തുണ നല്‍കി. നാല് സിക്‌സറും എട്ട് ഫോറുമടക്കം 81 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയാണ് റായിഡു പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (38), നായകന്‍ വിരാട് കോഹ്‌ലി (16), എം.എസ് ധോണി (23) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആഷ്‌ലി നഴ്‌സും കീമോ പോളും ഓരോ വിക്കറ്റുകള്‍ വീതം നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top