മത്സ്യതൊഴിലാളികള്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മത്സ്യതൊഴിലാളികള്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ എന്ന പേരില്‍ 192 ഫ്‌ളാറ്റ് അടങ്ങിയ മുട്ടത്തറിയിലെ ഭവനസമുച്ചയമാണ് മുഖ്യമന്ത്രി മത്സ്യതൊഴിലാളികള്‍ക്ക് കൈമാറിയത്.
ബുധനാഴ‌്ച വൈകിട്ട‌് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. തീര മാവേലി സ്റ്റോർ കെട്ടിടത്തിന്റെ തറക്കല്ലിടൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടൽ വനം മന്ത്രി കെ രാജുവും നിർവഹിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരെ മുഖ്യമന്ത്രി അനുമോദിച്ചു.
മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് ബെഡ് റൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 2017 ഏപ്രിലില്‍ തറക്കല്ലിട്ട പദ്ധതി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രളയം വന്നതിനാല്‍ തത്കാലത്തേക്ക് മുടങ്ങിയെങ്കിലും പ്രളയം കഴിഞ്ഞതോടെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here