ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; ഉന്നതാധികാര സമിതി

ശബരിമല വനഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം എന്നിവ മാത്രമേ അനുവദിക്കാനാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്തിമ മാസ്റ്റര്‍ പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃത നിര്‍മാണം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here