പോലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി; നടപടി വിവാദത്തില്‍

valsan thillangeri

പോലീസ് മൈക്കിലൂടെ സന്നിധാനത്ത് പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം വിവാദത്തില്‍. കേരളാ പോലീസിന്റെ മൈക്ക് ആര്‍.എസ്.എസ് നേതാവിന് ഉപയോഗിക്കാന്‍ കൊടുത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാവിലെ ശബരിമലയിലെത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധക്കാരോട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുറകില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സുരക്ഷാസേനയുടെ മെഗാഫോണിലൂടെയാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം. മാത്രമല്ല, സുരക്ഷാസേനയുടെ ഔദ്യോഗിക വേഷത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് സ്പീക്കര്‍ പിടിച്ചുനില്‍ക്കുന്നത്. ഈ നടപടിയാണ് ഇപ്പോള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ഇവിടെ ആചാരലംഘനമുണ്ടാകില്ലെന്നും അത് നോക്കാന്‍ പോലീസ് ഉണ്ടെന്നുമെല്ലാം വത്സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ പറയുന്നുണ്ട്.

“നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്‍മാര്‍ ആയിട്ടാണ്. ഇവിടെ ചിലയാളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ട് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണ് പോകാന്‍ പാടില്ല. നമ്മള്‍ ശാന്തമായി, സമാധാനമായി ദര്‍ശനം നടത്തണം. ദര്‍ശനം നടത്താന്‍ പ്രായപരിധിക്ക് പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്ക് സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല. നമ്മള്‍ ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്ന് പ്രചരണം നടത്തുന്ന ആളുകള്‍ക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയില്‍ വീഴാനാണോ ഉദ്ദേശിക്കുന്നത്. സ്വയം വളണ്ടിയര്‍മാരായി ശാന്തമായ രീതിയില്‍ നടയിറങ്ങാന്‍ സാധിക്കണം. പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴാന്‍ പാടില്ല. നമ്മള്‍ ശാന്തമായി ഇരുന്നാല്‍ മതി. ഇവിടെ ആചാരലംഘനം തടയാനുള്ള സംവിധാനം ഇവിടെയുണ്ട്. എല്ലാവരേയും ആവശ്യമായി വരേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ എല്ലാവരേയും വിളിക്കും. അപ്പോള്‍ വന്നാല്‍ മതി. ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നത് നമുക്ക് മോശമാണ്. അതിന് ഇടയാക്കരുത്.”- വത്സന്‍ തില്ലങ്കേരി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top