ശബരിമലയിലേക്ക് തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ എത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷയൊരുക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന സ്വകാര്യ ചാനലിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയിലേക്ക് എത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബോര്‍ഡിന്റെ മുന്നറിയിപ്പ് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ശബരിമലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതും സുരക്ഷ ശക്തമാക്കിയതും. യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമാധാനപരമായി തീര്‍ത്ഥാടനം നടക്കുന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്. ഈ സുരക്ഷയുടെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതും കൂടുതല്‍ സംരക്ഷണം നല്‍കിയതും. തീര്‍ത്ഥാടനം സമാധാനപരമായി നടക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാധ്യമങ്ങള്‍ക്ക് സന്നിധാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top