നോട്ട് നിരോധനത്തിന് രണ്ടാണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ടാണ്ട്. 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. കള്ളനോട്ടുകള്‍ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് നോട്ട് നിരോധിക്കുന്നതെന്ന് അന്നുമുതലേ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. ഭീകര വാദികള്‍ക്കുള്ള സാമ്പത്തിക വഴി അടയ്ക്കാനാണെന്നുകൂടി മോദി വ്യക്തമാക്കി.
എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നോട്ട് നിരോധനത്തിന്റെ തത്ഫലങ്ങള്‍ ചര്‍ച്ചയ്‌ക്കെടുമ്പോള്‍ മേല്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ നടപ്പിലായോ എന്നത് ഇന്നും ചോദ്യചിഹ്നമാണ്. അതിന് കാരണം, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളാണ്. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇത്രയും നോട്ടുകള്‍ തിരിച്ചെത്തുമെന്ന് നോട്ട് നിരോധനത്തെ എതിര്‍ത്തവര്‍ പോലും വിചാരിച്ചുകാണില്ല. കണക്കനുസരിച്ച് ആകെ തിരിച്ചെത്താത്ത നോട്ടുകള്‍ 10,720 കോടി രൂപയുടെ മാത്രം മൂല്യമുള്ളതാണ്.
അതേസമയം, നോട്ട് നിരോധിച്ച സമയത്ത് കേന്ദ്ര സര്‍ക്കാറും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത് മൂന്ന് ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു. അതായത്, മൂന്ന് ലക്ഷം കോടിയിലേറെ കള്ളപ്പണമായിരിക്കുമെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തിരിച്ചെത്താതിരുന്നത് വെറും പതിനായിരം കോടി രൂപയും!.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here