കേരളത്തിന്റെ ചരിത്രത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് തമസോ മാ ജ്യോതിര്‍ഗമയ’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വിഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ നിരയിലേക്ക് തള്ളിമാറ്റി ചരിത്രം മുന്നോട്ട് പോകും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞാണ് സമൂഹം മുന്നോട്ട് പോയത്. അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഉണ്ട്. ക്ഷേത്രം അടച്ചിട്ട് പ്രവേശനം തടയാമെന്നു കരുതിയവരുണ്ട്. അതെല്ലാം എല്ലാകാലത്തും ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്. നാടിനെ പുറകോട്ട് കൊണ്ടുപോകാണ് അത്തരക്കാര്‍ എന്നും ശ്രമിക്കുന്നത്. എന്നാല്‍, സാമൂഹ്യമുന്നേറ്റങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും. സാമൂഹ്യമാറ്റത്തിന്റെ പതാക വാഹകരുടെ പേര് ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെടും. നാം ഇതില്‍ ഏത് പക്ഷത്താണെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യമുന്നേറ്റത്തിനൊപ്പം നിലയുറപ്പിച്ചില്ലെങ്കില്‍ ഭാവിതലമുറ നമ്മെ കുറ്റക്കാരെന്ന് വിളിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here