ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് മാത്രമായി രണ്ടുദിവസം മാറ്റിവെക്കാം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

kerala high court

ശബരിമല ദർശനത്തിന് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹർജിയിലാണ് സർക്കാർ യുവതികളുടെ ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ചത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്ന് യുവതികൾ ഹര്‍ജിയില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കിവെക്കണമെന്ന നിര്‍ദേശം യുവതികൾ മുന്നോട്ടു വെച്ചിരുന്നു. ഇതിന് മറുപടിയാണ് ഈ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം ആചാര പകാരം വ്രതമനുഷ്ഠിക്കുന്നവരുണ്ടെന്ന് യുവതികൾ ഹർജിയിൽ പറയുന്നു. കേരള സര്‍ക്കാര്‍, ഡി.ജി.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ശബരിമല തന്ത്രി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  ഒരാഴ്ചയ്ക്കകം ക്രമീകരണമൊരുക്കുന്നത് സംബന്ധിച്ച വിശദികരണം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top