നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശബരിമല വിഷയം വീണ്ടും സജീവമാക്കി നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമത്തിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

നിലയ്ക്കലില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.

പന്ത്രണ്ടരയോടെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം എത്തിയത്. ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയ ശേഷം നിലയ്ക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു. എന്നാല്‍, നിലയ്ക്കലില്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം, നാമജപവുമായി കുത്തിയിരുന്നതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘത്തില്‍ രണ്ടുപേര്‍ പൊലീസ് നടപടിയ്ക്കിടെ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ള എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top