തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, യുഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 16 ഇടത്ത് എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. രണ്ടിടത്ത് ബിജെപിയും എസ്.ഡി.പി.ഐയും വിജയിച്ചു.
തിരുവനന്തപുരം നഗരസഭയിൽ കിണാവൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തും യുഡിഎഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ആം ഡിവിഷൻ യുഡിഎഫ് നിലനിർത്തി, മുസ്‌ലിം ലീഗിലെ ഫാത്തിമ നസിയയാണ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്.
കൊല്ലം പത്തനാപുരം വിളക്കുടി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീനാ റാണിയാണ് 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 28 വര്‍ഷം തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ച സീറ്റാണ് യു ഡി എഫ് തിരിച്ച് പിടിച്ചത്.
ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷന്‍ കരിവള്ളിക്കുന്നില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ വിജയിച്ചു. 51വോട്ടിനാണ് വിജയം. യു.ഡി.എഫിന് 422 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റെബി പോളിന് 371 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി ശിവാനന്ദന് 31 വോട്ടുമാണ് ലഭിച്ചത്.
അടിമാലി പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു ബിജു വിജയിച്ചു. പത്തംതിട്ട നഗരസഭയിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് വിമതൻ നേടി. ഇടുക്കി കൊന്നത്തടി മുനിയറ നോർത്ത് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു, യുഡിഎഫ് സ്ഥാനാർഥി ബിനോയ് മാത്യു 194 വോട്ടിന് വിജയിച്ചു.
ആലപ്പുഴ കാവാലം പഞ്ചായത്ത് പത്താംവാർഡ് എൻഡിഎ സ്ഥാനാർഥി അജിതകുമാരി വിജയിച്ചു. മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു, എൽഡിഎഫിലെ അനിത രാജു 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തൃശ്ശൂരിൽ അഞ്ചിടങ്ങളിലും എൽഡിഎഫ് വിജയം. നാലിടത്തും എൽഡിഎഫ് സീറ്റ് നില നിർത്തി. പറപ്പൂക്കരയിൽ ബിജെപിയിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here