ഇത് എആർ റഹ്മാൻ രണ്ട് വർഷം കാത്തിരുന്ന ചെയ്ത ഗാനം; സർവം താള മയത്തെ കുറിച്ച് സംവിധായകൻ രാജീവ് മേനോൻ
പതിനേഴ് വർഷങ്ങൾക്ക് ശേഷം എആർ റഹ്മാൻ-രാജീവ് മേനോൻ കൂട്ടുകെട്ടിൽ സംഗീത വിസമയങ്ങൾ സമ്മാനിച്ച് സർവം താള മയം ഡിസംബറിൽ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ലിറിക്ക് വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ സംഗീത ലോകത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന മികച്ച ഹിറ്റുകൾ സമ്മാനിച്ച കണ്ടുകൊണ്ടേൻ, മിൻസാര കനവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് രാജീവ് മേനോൻ. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തുന്ന ചിത്രമാണ് സർവം താള മയം.
എആർ റഹ്മാൻ- രാജീവ് മേനോൻ കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാമത്തെ ചിത്രമായ സർവ്വം താള മയത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കാൻ രണ്ട് വർഷമാണ് റഹ്മാൻ എടുത്തത്. ജിവി പ്രകാശും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ചിത്രത്തിനായി കഥ എഴുതിയപ്പോൾ ഇത് എആർ റഹ്മാന് ഇഷ്ടമാകുമോ എന്നൊന്നും അറിയില്ലായിരുന്നുവെന്ന് രാജീവ് മേനോൻ പറഞ്ഞു. എന്നാൽ ഡോക്യുമെന്ററി കാണിച്ച ശേഷം അദ്ദേഹത്തിന് പ്രമേയം വളരെയധികം ഇഷ്ടമായെന്നും പിന്നീട് സിനിമയുടെ തിരക്കഥ പറഞ്ഞപ്പോൾ അദ്ദേഹം ക്ലൈമാക്‌സ് കേട്ട് കരഞ്ഞുവെന്നും രാജീവ് ഇന്ത്യാ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗാനത്തിനായി പരമ്പരാഗത സംഗീതോപകരണങ്ങളാണ് ഉപയോഗിച്ചത്. ആഫ്രിക്കൻ വാദ്യോപകരണമായ കോറയും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രത്തിന്റെ അച്ഛൻ വരുമ്പോഴുള്ള പശ്ചാത്തല സംഗീതം ഒരുക്കാനാണ് കോറ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും പ്രത്യേകം പശ്ചാത്തല സംഗീതമുണ്ടെന്നും അവയെല്ലാം വളരെ വ്യത്യസ്തമായി പ്രത്യേകതരം വാദ്യോപകരണങ്ങൾ കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജീവ് മേനോൻ പറയുന്നു.
തമിഴ് കലയെ പറ്റിയും, അതിനെ ചുറ്റുപ്പറ്റിയുള്ള സംഭവങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ പറ്റിയുമാണ് സർവം താള മയം. ടോക്യോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം അവിടെ ഏറെ പ്രശ്‌സ പിടിച്ചുപറ്റിയെന്നും അവർക്ക് ക്ലൈമാക്‌സ് വളരെ ഇഷ്ടമായെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.
ജിവി പ്രകാശ് കഠിനാധ്വാനിയാണെന്നും കഥാപാത്രമായി മാറാൻ ജിവി നൂറ് ശതമാനവും ശ്രമിച്ചുവെന്നും അത് വിജയിച്ചുവെന്നും രാജീവ് പറഞ്ഞു. ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രം ചെയ്ത നെടുമുടി വേണുവും എക്കാലത്തേയും പോലെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും രാജീവ് മേനോൻ പറഞ്ഞു.
പ്രശസ്ത ഗായിക കല്യാണി മേനോന്റെ മകനാണ് രാജീവ് മേനോൻ. സിനിമാ രംഗത്ത് ഛായാഗ്രഹകനായി തുടക്കം കുറിച്ച അദ്ദേഹം ബോംബെ, ഗുരു, കാതൽ എന്നീ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്ത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മണിരത്‌നം ചിത്രങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്ന അദ്ദേഹം മണിരത്‌നത്തിന്റെ പ്രിയപ്പെട്ട ഛായാഗ്രഹകൻ കൂടിയായിരുന്നു.
മലയാള ചിത്രമായ ഹരികൃഷ്ണൻസിൽ ‘ഗുപ്തൻ’ എന്ന കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിലും രാജീവ് മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ഫിലിം ഫെയർ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും രാജീവ് മേനോൻ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
രാജീവ് മേനോൻ അടുത്തത് തല അജിത്തുമായി ചേർന്ന് സിനിമ ചെയ്യുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നല്ല സ്‌ക്രിപ്റ്റ് ലഭിച്ചാൽ അജിത്തുമായി ചിത്രം ചെയ്യുമെന്ന് രാജീവ് മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
rajiv menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here