രണ്ടേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റിൽ. അടിമാലി ഒഴുവത്തടം സ്വദേശി കണിയാംകുടിയിൽ വീട്ടിൽ മനീഷെന്നറിയപ്പെടുന്ന രഞ്ചുവാണ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ വലയിലായത്. ഇയാൾ ഒഴുവത്തടം മേഖലയിലെ സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനാണെന്നാണ് നർക്കോട്ടിക് സംഘം നൽകുന്ന സൂചന.
നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം ബുധനാഴച്ച രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടേകാൽ കിലോ കഞ്ചാവുമായി മുപ്പത്തേഴുകാരനായ മനീഷിനെ പിടികൂടിയത്. രാവിലെ ഇരുമ്പുപാലത്ത് നിന്നും നർക്കോട്ടിക്ക് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന “തെമ്മാടി ” എന്ന് പേരുള്ള KL 37 A 3285 ആപേ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
മനീഷ് ഇരുമ്പുപാലത്തും ഒഴുവത്തടത്തും കഞ്ചാവ് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസത്തോളമായി എക്സൈസ് ഷാഡോ വിഭാഗം മനീഷിനെ നിരീക്ഷിച്ച് വരികയായിരുന്നു.തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് ഇരുമ്പുപാലം മേഖലയിൽ കച്ചവടം നടത്തുന്നതിലെ പ്രധാനിയാണ് മനീഷ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എസ്.ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ.സുരേഷ് കുമാർ സി.ഇ.ഒ മാരായ എൻ.കെ.ദിലീപ്, കെ.എസ്.മീരാൻ, ഷോബിൻ മാത്യു, ശരത് എസ്.പി. തുടങ്ങിയവർ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here