Advertisement

ജൂതപ്പള്ളിയുടെ 450ാം വാർഷികാഘോഷം ഇന്ന് ആരംഭിക്കും

December 6, 2018
Google News 1 minute Read
singogue

കൊച്ചിയുടെ പൈതൃകസ്മാരകമായ ജൂതപ്പള്ളിയുടെ 450ാം വാർഷികാഘോഷം ഇന്ന് ആരംഭിക്കും. ഇസ്രയേലിലേക്ക് കുടിയേറിയ ജൂത സമൂഹാംഗങ്ങളും വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന അവരുടെ മക്കളും ചെറുമക്കളും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ പലരും ആദ്യമായാണ് ഇങ്ങോട്ട് എത്തുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ‘ഹനൂക്ക’ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.


ചരിത്രത്താളുകളിലേക്ക് ഒതുങ്ങിക്കൂടിയ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പാണ് മട്ടാഞ്ചേരിയിലെ ജൂത സിനഗോഗ്. യഹൂദ ആരാധനാകേന്ദ്രമാണ്‌ ഈ ജൂതപ്പള്ളി. 1567-ലാണ് ജൂത സിനഗോഗ് സ്ഥാപിതമായത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി അറിയപ്പെടുന്നത് തന്നെ.

കേരളത്തിലേക്കുള്ള ജൂതരുടെ ആഗമനത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എ.ഡി 68 ല്‍ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്, മതപീഡനത്തില്‍ നിന്ന് രക്ഷപെടാനായി ജൂതര്‍ കേരളത്തില്‍ കുടിയേറി എന്നാണ് പരമ്പരാഗതമായ വിശ്വാസം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജൂതന്മാര്‍ കേരളത്തിലെത്തി എന്നാണ് പറയപ്പെടുന്നത്. ജൂതത്തെരുവിന്റെ പിറവി പിന്നെയും ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ്. 1565 ല്‍. പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കാനാവാതെ സഹായ അഭ്യര്‍ത്ഥനയുമായി കൊച്ചി രാജാവിന്റെ പക്കലെത്തി ജൂതന്മാര്‍. രാജാവ് മട്ടാഞ്ചേരിയിലെ ഒരു തെരുവ് തന്നെ അവര്‍ക്കായി നല്‍കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. ഇതേത്തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ ജൂതത്തെരുവും ജൂത സിനഗോഗും നിര്‍മ്മിക്കപ്പെട്ടു.

ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച ചിത്രങ്ങഷടങ്ങിയ പോഴ്സ്‌ലെയിൻ തറയോടുകളാണ് ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നത്. 1000-ാമണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. അതിപുരാതനമായ ഒരു സമൂഹത്തിന്റെ പാരമ്പര്യം ബാക്കിനില്‍ക്കുന്നുണ്ട് ഇവിടെ.1968ലാണ് സിനഗോഗിന്റെ 400ാം  വാർഷികം ആഘോഷിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.

singogue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here