ബുലന്ദ്ഷഹര്‍ സംഭവം; ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് യോഗി ആദിത്യനാഥ്

ബുലന്ദ്ഷഹര്‍ സംഭവം ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിന്റെ കൊലപാതകം ആകസ്മിക സംഭവമാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ത്തു.
Read More: സുബോധ് കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്ന് സംശയം
സംസ്ഥാനത്തെ ഒരു പൊലീസുകാരന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ പരാമര്‍ശം. നേരത്തെ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴും ഗോവധത്തില്‍ നടപടിയെടുക്കണം എന്നാണ് യോഗി ആവശ്യപ്പെട്ടത്.
അതേസമയം, സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് ഇന്റലിജന്‍സ് എ.ഡി.ജി എസ്. ശിരോദ്കര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊലപാതകം ആസൂത്രിതമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കലാപത്തിന് കാരണമായ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പ്രദേശത്ത് കൊണ്ടിട്ടതിലും കണ്ടെത്തിയതിലും ഗൂഢാലോചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്ന സുബോധ് കുമാറിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തം വന്നിരുന്നു. ഈ ദൃശ്യങ്ങളില്‍ ഉള്ള സൈനികന്‍ ജീത്തു ഫൗജിക്ക് സുബോധ് കുമാറിന്റെ വധത്തില്‍ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ജീത്തുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ജമ്മു കാശ്മീരിലേക്ക് തിരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here