മുഖ്യമന്ത്രിയും മറ്റ് നേതാക്കളുമടക്കം നടത്തിയ കണ്ണൂർ-തിരുവനന്തപുര വിമാനയാത്ര വിവാദത്തിൽ; യാത്രയ്ക്കായി ചിലവഴിച്ചത് 2,28,000 രൂപ !

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് നേതാക്കളും കുടുംബങ്ങളും തിരുവനന്തപുരത്തേക്ക് നടത്തിയ വിമാനയാത്ര വിവാദത്തിൽ. സർക്കാർ ഏജൻസിയായ ഒഡാപെക് മുഖേനയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത്. രണ്ടുലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയാണ് ഈയിനത്തിൽ ചെലവായത്.
ഉദ്ഘാടന ദിവസം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ഗോ എയർ വിമാനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഗൺമാൻമാരും ഉൾപ്പെടെ യാത്ര ചെയ്തത് 63 അംഗങ്ങളുള്ള ഗ്രൂപ്പ് ടിക്കറ്റിലാണ്. സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഒഡാപെക് ആണ് ടിക്കറ്റ് എടുത്തത്. രണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയാണ് ടിക്കറ്റിനത്തിൽ സർക്കാരിന് ചെലവായത്. പാർട്ടി നേതാക്കളും കുടുംബങ്ങളും ഉൾപ്പെടെയുള്ളവരുടെ യാത്ര ചിലവ് സർക്കാർ വഹിച്ചതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പ്രളയകാലത്ത് ഏമാന്മാർ ധൂർത്തടിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. യാത്ര ടിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കോൺഗ്രസ് എം എൽ എ കെ എസ് ശബരിനാഥൻ ഫേസ്ബുക്കിൽ പ്രാസ്യപ്പെടുത്തുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here