‘നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്’; മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

മലയാളികളുടെ പ്രിയതാരം പൃത്വിരാജ് സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ലൂസിഫര്‍’ ആണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. അതും കേന്ദ്ര കഥാപാത്രമായെത്തുന്നത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനും ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്്.

ഇപ്പോഴിതാ മോഹന്‍ലാലിന് ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. റക്ഷ്യയിലെ ഒരു ലൊക്കേഷന്‍ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് താരം ഫെയ്‌സ്ബുക്കില്‍ നന്ദി കുറിച്ചത്. “നന്ദി ലാലേട്ടാ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന്, നിങ്ങളെ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും” പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയെക്കുറിച്ച് 16 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും പഠിച്ചതിനേക്കാള്‍ കൂടുതല്‍ പഠിക്കാന്‍ ഈ ആറ് മാസംകൊണ്ട് സാധിച്ചു എന്നും പൃഥ്വി കുറിച്ചു. സ്റ്റീഫന്‍ നെടുംപള്ളി എല്ലായ്‌പ്പോഴും സ്‌പെഷ്യല്‍ ആണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലൂസിഫര്‍ ലൊക്കേഷനിലെ മോഹന്‍ലാലിന്റെയും സ്റ്റീഫന്‍ നെടുംപള്ളിയുടെയും അവസാന ദിവസമായിരുന്നു ഇന്നലെ.

ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ‘ലൂസിഫറി’ലെ നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top