ആലുവ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയിൽ ഇളവ്

ആലുവ കൂട്ടക്കൊല കേസിൽ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് സുപ്രീംകോടതി. വധശിക്ഷ എന്നുള്ളത് ജീവപര്യന്തമാക്കി ഇളവ് ചെയ്തിരിക്കുകയാണ് കോടതി.ജസ്റ്റിസ് മധൻ പി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. അന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ച ആന്റണി ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

കൂട്ടക്കൊല നടത്തിയശേഷം തീവണ്ടിമാർഗം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്നും സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് ജോലിക്കായി പോയി. അന്വേഷണത്തിന്റെ ആദ്യ ഘട്ടംമുതൽ ആന്റണി സംശയത്തിന്റെ നിഴലിലായിരുന്നു. ആന്റണിയുടെ തിരോധാനം ശ്രദ്ധിച്ച ലോക്കൽ പോലീസുതന്നെ ബലമായ സംശയം ഉന്നയിച്ചിരുന്നു. പിന്നീട് തന്ത്രപൂർവം ആന്റണിയെ വിദേശത്ത് നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന്റെ പലഘട്ടങ്ങളിലും കുറ്റം സമ്മതിച്ച പ്രതി ആന്റണി പിന്നീട് പലപ്പോഴും ഇതു മാറ്റി പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കിയിരുന്നു.
2001 ൽ നടന്ന മാഞ്ഞൂരാൻ കൂട്ടക്കൊലകേസിൽ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top