രഹന ഫാത്തിമയ്ക്ക് ജാമ്യം

rahna fathima

രഹന ഫാത്തിമയ്ക്ക് ജാമ്യം.  ഹൈക്കോടതിയാണ് രഹനയ്ക്ക് ജാമ്യം അനുവദിച്ചത്. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന താക്കീത് കോടതി നല്‍കിയിട്ടുണ്ട്. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേക്ക് കയറാൻ പാടില്ലെന്നും കോടതി ഉപാധി വച്ചിട്ടുണ്ട്.  നവംബർ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാൻ എത്തിയത്. പൊലീസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top